ചെറുതോണി: കൊവിഡ് പ്രതിസന്ധി നേരിടുന്ന ലൈറ്റ് ആന്റ് സൗണ്ട്, പന്തൽ, ഹയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് അഭ്യർത്ഥിച്ചു റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആറു മാസത്തിലധികമായി തൊഴിൽ നഷ്ടപ്പെട്ട ഈ വിഭാഗം തൊഴിലാളികൾക്കും യാതൊരു ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല. ലോക്ക് ഡൗൺ കാലയളവിന് പുറമെ ഇപ്പോഴും രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹം, പൊതുപരിപാടികൾ ഉൾപ്പെടെ ആളുകൾ കൂടുന്ന പരിപാടികൾക്ക് നിയന്ത്രണം വന്നതോടെ ഇവരുടെ തൊഴിൽ നഷ്ടമായിരിക്കുകയാണ്. ബാങ്ക് വായ്പയും മറ്റുമെടുത്ത് ആരംഭിച്ച സ്ഥാപനങ്ങളുടെ വായ്പാ കുടിശിക തിരിച്ചടവ് മുടങ്ങുന്നതും അനുദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെയും പ്രതിസന്ധിയിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത കാലയളവിൽ പിൻവലിക്കാൻ കഴിയില്ലെന്നത് ഇവർക്ക് പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തുന്നതാണ്. കലാകാരന്മാർക്ക് പ്രോഗ്രാമുകൾ നടത്താൻ കഴിയാത്തതും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത്തരം തൊഴിലാളികൾക്ക് കൂടി സഹായം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നൽകിയ നിവേദനം എം.എൽ.എ മുഖ്യമന്ത്രിക്ക് കൈമാറി.