തൊടുപുഴ: കൊവിഡ്- 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്യണമെന്ന് കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെയും ഡ്രൈവർമാർ കൊവിഡ്-19ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രാഥമിക ഹെൽത്ത് സെന്ററുകളിലും അനുബന്ധ വകുപ്പുകളിലും വാഹനവുമായി ആരോഗ്യ പ്രവർത്തകരോടും മറ്റ് ചുമതലപ്പെട്ട ഉദ്യോഗസ്ഥരോടുമൊപ്പം മാസങ്ങളായി രാവും പകലും ജോലി ചെയ്തുവരികയാണ്. വളരെ റിസ്‌കുള്ള ജോലിചെയ്തുവരുന്ന ഇവർക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കിയട്ടില്ല. കൊവിഡ് ഡ്യൂട്ടിയായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികളും ആംബുലൻസ് ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർക്ക് മരണപ്പെട്ടാൽ 50 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് ആനുകൂല്യം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഡ്രൈവർമാർക്ക് എന്തെങ്കിലും പരിരക്ഷയോ ആനുകൂല്യമോ അനുവദിച്ചിട്ടില്ല. സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഈ വിഭാഗം ജീവനക്കാരേയും ഇൻഷ്വറൻസ് പരിധിയിൽ ഉൽപ്പെടുത്തുകയും അവർക്ക് സ്‌പെഷ്യൽ ഡി.എയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്യണമെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.