തൊടുപുഴ: ചെറുതോണിപ്പുഴയ്ക്ക് കുറുകെ ടൗണിൽ നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിക്കപ്പെട്ടതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. മധുര കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.എസ് ആൻഡ് കമ്പനിയ്ക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പു വയ്ക്കുന്നതും തുടർന്ന് അതിവേഗത്തിൽ പണി ആരംഭിക്കാനും കഴിയും. 17 കോടി 55 ലക്ഷം രൂപയുടെ കുറഞ്ഞ നിരക്ക് ടെൻഡറാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വലിയ പ്രളയത്തെ അതിജീവിക്കാൻ കഴിയുന്നതും ഇടുക്കി ഡാമിൽ നിന്നുള്ള അധികഅളവ് ജലം ഒഴുക്കി വിടാൻ കഴിയും വിധവും ആധുനിക രീതിയിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന പാലം ജില്ലാ ആസ്ഥാന പട്ടണത്തിന്റെ മുഖച്ഛായ മാറ്റും. പാലത്തിന്റെ നിർമ്മാണം അതിവേഗം ആരംഭിക്കുന്നതിന് സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന ദേശീയപാത അധികൃതരെയും പൊതുമരാമത്ത് ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും എം.പി അറിയിച്ചു.