തൊടുപുഴ: സ്വർണക്കള്ളക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി പോസ്റ്റു കാർഡുകൾ അയച്ചു പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി തൊടുപുഴ ഹെഡ് പോസ്റ്റ് ആഫീസിനു മുന്പിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ കളിപ്പാവയായി മുഖ്യമന്ത്രി പിണറായി വിജയൻ അധപ്പതിച്ചിരിക്കുകയാണെന്ന് പോസ്റ്റ് കാർഡ് ക്യാമ്പയിൻ അജി പറഞ്ഞു. ഇനിയും മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന് ധാർമികമായി യാതൊരു അവകാശവും ഇല്ല. അതിനാൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും അതുവരെ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ടുപോകുന്നും അദ്ദേഹം പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, തൊടുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി.പി. ബോസ്, ന്യൂനപക്ഷ മോർച്ച തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ്, യുവമോർച്ച തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മനു ഹരിദാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.