ksrtc
വെള്ളയാംകുടിയിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഇന്നുതുറക്കുന്ന എ.ടി.ഒ. ഓഫീസ്.

 പ്രളയത്തിൽ തകർന്ന കട്ടപ്പന ട്രാൻ. ഡിപ്പോ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും

കട്ടപ്പന: 2018ലെ മഹാപ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിനടിയിലായ കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ ഇന്നുമുതൽ ഭാഗികമായി പ്രവർത്തനമാരംഭിക്കും. എ.ടി.എ ഓഫീസ്, ടിക്കറ്റ് കൗണ്ടർ, രേഖകൾ സൂക്ഷിക്കുന്ന മുറി തുടങ്ങിയവയാണ് രണ്ട് വർഷത്തിന് ശേഷം തുറക്കുന്നത്. ജീവനക്കാരുടെ വിശ്രമമുറി അടക്കമുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. 2018 ആഗസ്റ്റ് 18ന് പുലർച്ചെ വെള്ളയാംകുടിയിലുണ്ടായ ഉരുൾപൊട്ടലിലാണ് ഡിപ്പോ പൂർണമായി മണ്ണിനടിയിലായത്. തുടർന്ന് കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലേക്കു താത്കാലികമായി ഡിപ്പോ മാറ്റുകയായിരുന്നു. ഡിപ്പോ അധികൃതരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് രണ്ടുവർഷത്തിനിപ്പുറം ഭാഗികമായി പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത്. അധികൃതരുടെ സമ്മർദത്തെ തുടർന്ന് പുനർ നിർമാണം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഇടപെട്ട് ഒന്നേകാൽ കോടി രൂപയോളം ലഭിച്ചു. തുടർന്ന് ആദ്യഘട്ടത്തിൽ വർക്ക് ഷോപ്പും മൈതാനവും പൂർത്തീകരിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസിന്റെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 25 ലക്ഷവും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 25 ലക്ഷവും ലഭിച്ചു. മുൻ എം.പി. ജോയ്സ് ജോർജ് 25 ലക്ഷവും റോഷി അഗസ്റ്റിൻ എം.എൽ.എ 50 ലക്ഷവും പ്രദേശിക വികസന ഫണ്ടുകൾ വഴി അനുവദിച്ചു. തുടർന്നാണ് എ.ടി.ഒ ഓഫീസ്, ടിക്കറ്റ് കൗണ്ടർ എന്നിവയുടെ കെട്ടിടത്തിന്റെ നിർമിച്ചത്. ഡിപ്പോ ജീവനക്കാരുടെ സഹകരണത്തോടെ ഓഫീസിലെ ഉപകരണങ്ങളും രേഖകളും വെള്ളയാംകുടിയിലേക്ക് എത്തിച്ചു. ഓഫീസുകൾ മാറ്റുമെങ്കിലും ഓപ്പറേറ്റിംഗ് സെന്റർ പഴയ ബസ് സ്റ്റാൻഡിൽ തുടരും. മറ്റു നിർമാണങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് പറഞ്ഞു.


മണ്ണെടുത്ത ആ രാത്രി

ആഗസ്റ്റ് 17 നുണ്ടായ മലയിടിച്ചിലിനു പിന്നാലെയാണ് 18ന് പുലർച്ചെ ഒന്നിന് ഉരുൾപൊട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണമായി മണ്ണിനടിയിലായത്. ഒമ്പതു ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണ്ണുംകല്ലും പതിച്ച് രണ്ടു ബസുകൾക്കും കേടുപാടു സംഭവിക്കുകയും വർക്ക്‌ഷോപ്പ് ഗാരേജിന്റെ ഇരുനില കോൺക്രീറ്റ് കെട്ടിടവും വിശ്രമകേന്ദ്രവും മണ്ണിനടിയിലാകുകയും ചെയ്തു. 17നുണ്ടായ മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടം സംഭവിച്ചതോടെ മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ബസുകൾ മറ്റൊരിടത്തേയ്ക്ക് മാറ്റിയിരുന്നു. എ.ടി.ഒ ആഫീസിനുള്ളിലെ രേഖകൾ ഉൾപ്പെടെയുള്ളവയും മാറ്റി. വനിത ജീവനക്കാരെ സമീപത്തെ ബന്ധുവീടുകളിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു. മറ്റുള്ളവർ നിർത്തിയിട്ടിരുന്ന ബസിലും കാറിലുമായി ഇരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. മരങ്ങളും കല്ലും മണ്ണും ഒലിച്ചുവരുന്നതുകണ്ട് ഞൊടിയിടയിൽ ഇവർ വാഹനങ്ങളിൽ നിന്നിറങ്ങി പുറത്തേയ്ക്ക് രക്ഷപ്പടുകയായിരുന്നു. 200 മീറ്ററോളം ദൂരത്തിൽ മണ്ണും കല്ലും മരങ്ങളും ഒലിച്ചുവന്നതോടെ ഡിപ്പോയുടെ മൈതാനം പൂർണമായി മണ്ണിനടിയിലായി. ഉരുൾപൊട്ടിവന്ന പാറകൾ തട്ടി രണ്ടു ബസുകൾക്ക് കേടുപാടു സംഭവിച്ചു. ഒലിച്ചുവന്ന മണ്ണിനൊപ്പം ഒരു ബസ് 100 മീറ്ററോളം മുന്നോട്ടുനിരങ്ങി നീങ്ങി. ലക്ഷക്കണക്കിനു രൂപയുടെ സാധന സാമഗ്രികളും സ്‌പെയർ പാർട്സുകളുമടക്കം മണ്ണിനടിയിലായി. മറ്റൊരു സൗകര്യമില്ലാതായാതോടെ കട്ടപ്പന നഗരസഭ പഴയ ബസ് സ്റ്റാൻഡ് വിട്ടുനൽകുകയായിരുന്നു. മൂന്നാം ദിവസം സ്റ്റാൻഡിൽ നിന്നു സർവീസുകൾ ഓപ്പറേറ്റ് ചെയ്തുതുടങ്ങി. ഇതിനിടെ ഡിപ്പോ നിറുത്തലാക്കാനും സർവീസുകൾ കുമളി, നെടുങ്കണ്ടം ഡിപ്പോകളിലേക്കു മാറ്റാനും അന്നത്തെ എം.ഡി ടോമിൻ കെ. തച്ചങ്കരി നിർദേശിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡംഗം സി.വി. വർഗീസിന്റെ ശക്തമായ ഇടപെടലിൽ ഡിപ്പോ നിലനിറുത്താൻ കഴിഞ്ഞു.