തൊടുപുഴ: നെറ്റും സെർവറും തകരാറാണ്, റേഷൻ സാധനങ്ങൾ തരാൻ കഴിയില്ലെന്ന അറിയിപ്പ് ബോർഡുകൾ റേഷൻ കടകൾക്ക് മുന്നിൽ തൂക്കിയിടേണ്ടി വരുമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) പ്രസിഡന്റ് ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 50 ആളുകൾ റേഷൻ വാങ്ങാൻ കടകളിൽ വന്നാൽ 10 പേർക്ക് കൊടുക്കാൻ സാധിക്കുന്നില്ല. ഓരോ ഗുണഭോക്താക്കളും ഓരോ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി അഞ്ചും ആറും തവണ കടകളിൽ വരണം. റേഷൻ വാങ്ങാൻ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കാൻ പൊലീസ്, ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണം. സംസ്ഥാന സർക്കാർ ഓണത്തിന് ഒരുക്കുന്ന കിറ്റ് വിതരണം റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ കടയുടമകൾ തയ്യാറല്ല. കൊവിഡ് സമ്പർക്ക വിലക്കിന്റെ കാലത്ത് ഏപ്രിൽ മേയ് മാസങ്ങളിൽ റേഷൻ കടകൾ വഴി വിതരണം ചെയ്ത കിറ്റുകൾ കടയുടമകൾക്ക് ലഭിക്കേണ്ട വിഹിതം നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല. പലരും കിറ്റുകൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ മറ്റ് മുറികൾ വാടകയ്‌ക്കെടുത്താണ് വിതരണം സുഗമമായി നടപ്പിലാക്കിയത്. പലർക്കും ഭീമമായ തുക വാടകയിനത്തിൽ മുടക്കേണ്ടി വന്നിട്ടുണ്ട്. ഒരു കിറ്റ് 20രൂപ ലഭിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടതും എന്നാൽ നാളിതുവരെയായിട്ടും ഒരു രൂപ പോലും ഈ ഇനത്തിൽ നൽകിയിട്ടില്ല. 88 ലക്ഷം റേഷൻ ഉപഭോക്താക്കൾക്ക് കിറ്റു വിതരണം നടത്തിയ വകയിൽ 17.60 കോടി രൂപ സംസ്ഥാനത്തുടനീളമുള്ള റേഷൻ വ്യാപാരികൾക്ക് സർക്കാരിൽ ലഭിക്കേണ്ടതുണ്ട്. ഇതിനൊരു തീരുമാനമുണ്ടാകാത്തപക്ഷം ഓണത്തിന് റേഷൻ കടകൾ വഴി കിറ്റു വിതരണം നടത്താനുള്ള സർക്കാർ തീരുമാനത്തോട് സഹകരിക്കേണ്ടതില്ലെന്നാണ് കൂട്ടായ തീരുമാനമെന്ന് ജോണി നെല്ലൂർ പറഞ്ഞു. അസോസിയേഷൻ ജില്ലാ സെക്രട്ടറി റെജിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.