കട്ടപ്പന: വൃദ്ധയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കട്ടപ്പന കുന്തളംപാറ പ്രിയദർശിനി എസ്.സി കോളനി കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊല്ലപ്പെട്ട കേസിൽ അയൽവാസി മണിയെ(43) ബുധനാഴ്ച തേനി ബസ് സ്റ്റാൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൊവിഡ് പരിശോധനയ്ക്കായി മുട്ടത്തെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പരിശോധനഫലം ലഭിച്ചശേഷം മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റും. ജൂൺ രണ്ടിന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തിയത്. ബലാത്സംഗം ശ്രമം എതിർത്ത അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് അമ്മിണിയുടെ വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മോഷ്ടിക്കുകയും തെളിവുനശിപ്പിക്കുകയും ചെയ്തു. ആറിന് രാത്രി അയൽപക്കത്തെ വീട്ടിൽ നിന്ന് തൂമ്പ വാങ്ങി അമ്മിണിയുടെ വീടിനോടു ചേർന്ന് കുഴിയെടുത്ത് ഏഴിന് രാത്രി മൃതദേഹം മറവുചെയ്തു. എട്ടിന് അണക്കരയിൽ നിന്നു വാഹനത്തിൽ തേനി ബസ് സ്റ്റാൻഡിലെത്തി ആക്രമി പെറുക്കി വിറ്റ് കഴിയുകയായിരുന്നു. കഴിഞ്ഞ 14നാണ് അമ്മിണിയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മണി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.