കട്ടപ്പന: തമിഴ്നാട്ടിലെ കൊവിഡ് രോഗ വ്യാപനത്തിനിടയിലും കൊലക്കേസ് പ്രതിയെ അവിടെയെത്തി പിടികൂടി അന്വേഷണ സംഘം. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്.സി കോളനിയിൽ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണി (65) കൊല്ലപ്പെട്ട കേസിൽ അയൽവാസി എസ്. മണിയെ(43) തേനി ബസ് സ്റ്റാൻഡിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. അമ്മിണിയുടെ മൃതദേഹം കണ്ടെടുത്ത ദിവസം തന്നെ തമിഴ്നാട്ടിലേക്ക് മുങ്ങിയ മണിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സ്‌ക്വാഡ് തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു. രോഗവ്യാപനത്തെ തുടർന്ന് തേനി ജില്ലയടക്കം ലോക്ക് ഡൗണിലായതും എല്ലാവരും മുഖാവരണം ധരിച്ചിട്ടുള്ളതും അന്വേഷണത്തിനു വിലങ്ങുതടിയായി. കോവിഡ് ഭീതിയെത്തുടർന്ന് പൊലീസിനു സ്വതന്ത്രമായി പുറത്തിറങ്ങി അന്വേഷിക്കാനും തടസം നേരിട്ടു. തുടർന്നാണ് പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിനിടെ മണിയെ കണ്ടതായി ഒരാൾ പൊലീസിനു വിവരം നൽകി. മുമ്പ് ഇയാൾ തേനി ബസ് സ്റ്റാൻഡിൽ ആക്രി പെറുക്കി വിൽപന നടത്തിയതായുള്ള വിവരവും നിർണായകമായി. ബസ് സ്റ്റാൻഡിലെ കടത്തിണ്ണകളിൽ കഴിയുന്നവരെ ക്രേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാത്രിയോടെ മണിയെ പിടികൂടിയത്. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കുന്തളംപാറയിൽ തെളിവെടുപ്പിനു എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മണിയെ പൊലീസ് ജീപ്പിൽ നിന്നു ഇറങ്ങിയപ്പോൾ കൂക്കിവിളിയുമായി നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു. കോളനിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കീഴ്‌പ്പെടുത്തുന്നതിനു പുറമേ മോഷണവും പ്രതി ലക്ഷ്യമിട്ടിരുന്നു. കൂലിപ്പണിക്കു പുറമേ ആക്രി പെറുക്കൽ, ചെരുപ്പ് തുന്നൽ തുടങ്ങിയ തൊഴിലുകളും ഇയാൾ നേരത്തെ ചെയ്തിട്ടുണ്ട്. അയൽവാസികളുമായും ഇയാൾ അടുപ്പം പുലർത്തിയിരുന്നില്ല. ഒന്നര വർഷം മുമ്പും അമ്മിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നതായി പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.