ഇന്നലെ 97 പേർക്ക് രോഗമുക്തി 29 രോഗികൾ, 24ഉം സമ്പർക്കം
തൊടുപുഴ: കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കുതിച്ചുയരുമ്പോൾ ഇന്നലെ 97 പേർ രോഗമുക്തരായത് ആശ്വാസമായി. ഒരു ദിവസം ഇത്രയധികം രോഗമുക്തരുണ്ടായത് ആദ്യമായാണ്. എങ്കിലും ആശങ്കയ്ക്ക് യാതൊരു അയവുമില്ല. വെള്ളിയാഴ്ചത്തെ 29 കൊവിഡ് രോഗികളിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. ഇതിൽ കരിങ്കുന്നം സ്വദേശിനിയുടെ (65) രോഗബാധയുടെ ഉറവിടമറിയില്ല. ഇവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് സ്രവപരിശോധന നടത്തിയത്. രോഗബാധിതരിൽ ബാക്കിയുള്ള അഞ്ച് പേരും തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ്. വിദേശത്ത് നിന്ന് വന്ന ആർക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടില്ല.
മുള്ളരിങ്ങാട് രണ്ട്
വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഒരാഴ്ചയ്ക്കുള്ളിൽ 44 സമ്പർക്ക രോഗികളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മുള്ളരിങ്ങാട്ടെ രോഗിയുമായി സമ്പർക്കത്തിലിരുന്ന വണ്ണപ്പുറം സ്വദേശിയായ ലോറി ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
രാജാക്കാട് ഗുരുതരം
രാജാക്കാട് പഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇതുവരെ 44 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. ആറു വയസുകാരിയും 61കാരിയും രോഗം ബാധിച്ചവരിലുണ്ട്.
കൊന്നത്തടിയും ആശങ്ക
കൊന്നത്തടി പഞ്ചായത്തിൽ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ നാല് പേർ വയോധികരാണ് (76, 72, 65, 60). 14 വയസുള്ള പെൺകുട്ടിയും നാല് വയസുകാരനുമാണ് മറ്റ് രണ്ട് പേർ. എല്ലാവർക്കും 22ന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ്. പഞ്ചായത്തിൽ ഇതുവരെ എട്ട് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമീപ പഞ്ചായത്തായ അടിമാലിയിൽ ഒമ്പത് വയസുകാരി ഉൾപ്പടെ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളിൽ നിന്നാണ് മൂന്ന് പേർക്കും രോഗം പകർന്നിരിക്കുന്നത്. കീരിത്തോട്ടിലും ഒരു സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാറ്റമില്ലാതെ കരിമ്പൻ
കരിമ്പനിൽ തുടർച്ചയായി സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വലിയ അശങ്കയാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് രോഗം സ്ഥിരീകരിച്ച ഹോട്ടലുടമയുടെ മൂന്ന് ബന്ധുക്കളുടെ പരിശോധനാഫലമാണ് വെള്ളിയാഴ്ച പോസിറ്റീവായത്. ഇതിൽ 12 വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. കൂടാതെ ഹോട്ടലിലെ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള ഇടവെട്ടി സ്വദേശി(17)ക്കും രോഗം പകർന്നിട്ടുണ്ട്. ഇതുവരെ 42 പേർക്കാണ് കരിമ്പനിലോ ഇവിടെ നിന്നോ രോഗം പകർന്നിരിക്കുന്നത്.
ആഭ്യന്തര യാത്ര
ജൂലായ് അഞ്ചിന് ഉസിലംപെട്ടിയിൽ നിന്നെത്തിയ ഉടുമ്പഞ്ചോല സ്വദേശിനി (24)
ജൂലായ് 16ന് ചെന്നൈയിൽ നിന്നെത്തിയ മറയൂർ സ്വദേശിനി (29)
ജൂലായ് 12ന് ബോഡിനായക്കന്നൂരിൽ നിന്നെത്തിയ പാമ്പാടുംപാറ സ്വദേശി (29), തേനിയിൽ നിന്നെത്തിയ ഉടുമ്പഞ്ചോല സ്വദേശി(35)
ജൂലായ് 24ന് കമ്പത്ത് നിന്ന് വന്ന പുളിയൻമല സ്വദേശിയായ പിക്കപ്പ് ഡ്രൈവർ (53)
രോഗമുക്തർ
97 രോഗമുക്തരിൽ 61 പേർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞവരാണ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ 18 പേരും കട്ടപ്പന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റെ സെന്ററിലെ 16 പേർക്കും രോഗം ഭേദമായി. മൂന്ന് പേർ ഇടുക്കിയിൽ ചികിത്സയിലിരുന്ന മറ്റ് ജില്ലക്കാരാണ്. എറണാകുളത്ത് ചികിത്സയിലിരുന്ന ചിന്നക്കനാൽ സ്വദേശിനിയും (28) രോഗമുക്തി നേടി.
പഞ്ചായത്ത്
വാഴത്തോപ്പ്- 9, രാജകുമാരി- 8, കുമളി- 7, പാമ്പാടുംപാറ, ചിന്നക്കനാൽ- 5 വീതം, കട്ടപ്പന, നെടുങ്കണ്ടം, ചക്കുപള്ളം, പള്ളിവാസൽ, കഞ്ഞിക്കുഴി, രാജാക്കാട്- 4 വീതം, ഉപ്പുതറ, അയ്യപ്പൻകോവിൽ, അടിമാലി, കാഞ്ചിയാർ, ഏലപ്പാറ- 3 വീതം, ഇരട്ടയാർ, വണ്ടൻമേട്, കാമാക്ഷി, ദേവികുളം, കരിമണ്ണൂർ, ബൈസൺവാലി, മരിയാപുരം- 2 വീതം, കരുണാപുരം, വാത്തിക്കുടി, ശാന്തമ്പാറ, വണ്ടിപ്പെരിയാർ, വണ്ണപ്പുറം, കരിങ്കുന്നം, മൂന്നാർ- 1 വീതം