തൊടുപുഴ: അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ വകുപ്പ് തല നടപടി നേരിടേണ്ടി വരുമെന്ന് തൊടുപുഴ ഡി.വൈ.എസ്.പിയുടെ വിവാദ സർക്കുലർ. സബ്ഡിവഷനിലെ എസ്.എച്ച്.ഒ.മാർക്ക് നൽകിയ സർക്കുലറിലാണ് ഈ നിബന്ധനയുള്ളത്. അവധിയിൽ പോകുന്നവർക്കും വിശ്രമത്തിന് പോകുന്നവർക്കുമാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിരീക്ഷണത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിലുണ്ട്. ഏതെങ്കിലും വിധത്തിൽ നിരീക്ഷണത്തിലായാൽ സ്വയം ചിലവ് വഹിക്കേണ്ടി വരും. വകുപ്പുതല നടപടിയും നേരിടണമെന്നുമാണ് സർക്കുലറിൽ പറയുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ജില്ലയിലെ മറ്റ് ഡി.വൈ.എസ്.പിമാരും സമാന ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും വകുപ്പുതല നടപടിയെടുക്കുമെന്ന് പറയുന്നില്ല. പൊതുജനങ്ങളുമായി ഏറ്റവുമധികം ഇടപെടുന്ന വിഭാഗമെന്ന നിലയിൽ എപ്പോഴെങ്കിലും നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ വകുപ്പുതല നടപടികൾ നേരിടേണ്ടി വരുമോ എന്ന പേടിയിലാണ് പൊലീസുകാർ. സേനയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അമർഷമുണ്ട്.

' അവധിയിലുള്ള ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാനാണ് സർക്കുലർ ഇറക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരീക്ഷണത്തിൽ പോകേണ്ടി വന്നാൽ നടപടിയെടുക്കേണ്ടി വരുമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്."

- പി.കെ. സജീവൻ (തൊടുപുഴ ഡി.വൈ.എസ്.പി)​