മഹാശിലായുഗത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയതോടെ ഇടുക്കി ജലസംഭരണിയുടെ അടിത്തട്ടിൽ ആദിമ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ജലനിരപ്പ് കുറഞ്ഞതോടെ അഞ്ചുരുളി മുനമ്പിൽ കണ്ടെത്തിയത് നന്നങ്ങാടികളുടെയും ശിലകളുടെയും വൻശേഖരമാണ്. കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി മുനമ്പിലാണ് പത്തോളം നന്നങ്ങാടികൾ കണ്ടെത്തിയത്. ജലനിരപ്പ് കുറഞ്ഞപ്പോൾ മുനമ്പിന്റെ അടിത്തട്ട് കൂടുതൽ ദൃശ്യമായി. തീരപ്രദേശത്താണ് അടുക്കിവച്ച നിലയിൽ നന്നങ്ങാടികൾ കണ്ടെത്തിയത്. ഇവയുടെ പകുതിഭാഗം വെള്ളത്തിന്റെ തിരയടിച്ച് നഷ്ടമായി.
നൂറ്റാണ്ടുകൾക്ക് മുമ്പ് അഞ്ചുരുളി, കല്യാണത്തണ്ട്, നരിയംപാറ, മേപ്പാറ, മുരിക്കാട്ടുകുടി, മേമാരിക്കുടി, അയ്യപ്പൻകോവിൽ ഉൾപ്പെടുന്ന പ്രദേശത്ത് വൻതോതിൽ ആളുകൾ താമസിച്ചിരുന്നു. ഇടുക്കി ജലസംഭരണിക്കുമുമ്പ് അഞ്ചുരുളി ഉൾപ്പെടുന്ന ഭാഗം വലിയൊരു താഴ്വാരമായിരുന്നു. പെരിയാർ നദി ഈ താഴ്വാരത്തിലൂടെയാണ് ഒഴുകിയിരുന്നത്. 300 ഏക്കറോളം വരുന്ന വലിയ ഭൂപ്രദേശമായിരുന്നു ഈ താഴ്വാരം. പോഷകനദിയായ കട്ടപ്പനയാർ പെരിയാറുമായി സംഗമിച്ചിരുന്നതും ഇവിടെയാണ്. പ്രാചീന കാലഘട്ടത്തിൽ ഹൈറേഞ്ചിൽ കുടിയേറിയിരുന്നവർ തൊടുപുഴ ഭാഗത്തേയ്ക്ക് എത്തിയിരുന്നത് ഇതുവഴിയായിരുന്നു. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ട പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാത്ത ഇവിടം താമസിക്കാനും കൃഷിക്കും വളരെ അനുയോജ്യമായിരുന്നു. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മത്സ്യബന്ധം എന്നിവയായിരുന്നു ഇവരുടെ ഉപജീവന മാർഗങ്ങൾ. ഇപ്പോൾ നന്നങ്ങാടികൾ കണ്ടെത്തിയ അഞ്ചുരുളി മുനമ്പ് 400 അടി ഉയരമുള്ള വലിയൊരു മലയാണ്. അന്ന് മരണമടഞ്ഞവരെ കുന്നിൻമുകളിലാണ് അടക്കം ചെയ്തിരുന്നത്. ഇതോടൊപ്പം ഭക്ഷ്യധാന്യങ്ങളും മുത്തുകളും നിറച്ച് നന്നങ്ങാടികളും കുഴിച്ചിട്ടിരുന്നു. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചാണ് ഇങ്ങനെ ചെയ്തിരുന്നത്. അഞ്ചുരുളി മുനമ്പായി മാറിയ മല പൂർണമായും മണ്ണാണ്. കല്യാണത്തണ്ട് മല മുമ്പ് കല്യാണപ്പാറത്തണ്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. 1892ൽ ബ്രിട്ടീഷുകാരനായ ഫോറസ്റ്റ് കൺസർവേറ്റർ ഇവിടെ താമസിച്ചിരുന്നു. അന്നും ഇവിടെ മന്നാക്കുടി ഉണ്ടായിരുന്നു. മന്നാക്കുടിയുടെ അടുത്തുള്ള വനത്തിൽ പ്രേതശല്യമുള്ളതായും അവിടേയ്ക്ക് പോകരുതെന്നു പറഞ്ഞ് കുടിയിലുള്ളവർ ഫോറസ്റ്റ് കൺസർവേറ്ററെ വിലക്കിയിരുന്നതായും ഗവേഷകർ പറയുന്നു. ഇപ്പോൾ കണ്ടെത്തിയ നന്നങ്ങാടികൾക്ക് പല നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. പല കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന പ്രമുഖരെയാകാം ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. അവർ പല നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നവരാകാമെന്നും വിലയിരുത്തപ്പെടുന്നു.
മെൻഹിറിന്റെ മനോഹാരിത
കൂടാതെ അഞ്ചുരുളിയിലെ മേമാരിക്കുടിയിലും വനപ്രദേശങ്ങളിലും നിരവധി വീരക്കല്ലുകൾ (മെൻഹിർ) ഇപ്പോഴുമുണ്ട്. അഞ്ചുരുളി മുനമ്പിനെ കൂടുതൽ ആകർഷകമാക്കുന്നത് ഇവിടുത്തെ വീരക്കല്ലുകളാണ് (മെൻഹിർ). ആറോളം വീരക്കല്ലുകളാണ് ഇവിടെയുള്ളത്. ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചയും ടണലിലൂടെ അണക്കെട്ടിൽ വെള്ളം പതിക്കുന്നതും ഇവിടെ നിന്നാൽ കാണാം. ജലാശയത്തിനടിയിലെ അഞ്ച് മലകൾ നിരയായി ഉരുളി കമഴ്ത്തിയതുപോലെ കാണപ്പെടുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.
കൂടാതെ ദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവർ ഇടുക്കി മലനിരകളിലെത്തി അഞ്ചു ഉരുളികൾ ഒഴുക്കിവിട്ടതായും ഇതാണ് അഞ്ചു മലകളായി മാറിയതെന്നും ഐതീഹ്യമുണ്ട്. നിരവധി സിനിമകൾക്ക് അഞ്ചുരുളി മുനമ്പ് ലൊക്കേഷനായിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിലെ ഗാനരംഗവും പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന സിനിമയുടെ ക്ലൈമാക്സും ഇവിടെയാണ് ചിത്രീകരിച്ചത്.