anagha

ഇടുക്കി: രണ്ടര വർഷം മുമ്പ്, ഇടിമിന്നലോടെ മഴ തിമിർത്ത രാത്രി. ഷീറ്റ് മേഞ്ഞ പണിതീരാത്ത രണ്ട് മുറി വീട്ടിൽ അമ്മ രജനിയും അനഘയും തനിച്ചായിരുന്നു. പ്ലാസ്റ്റിക് കൊണ്ട് മറച്ച ജനാല വഴി മഴവെള്ളം അകത്തേക്ക് അടിച്ചു കയറുന്നു. ഇരുവരും പേടിച്ചിരിക്കെ പെട്ടെന്നാണ് ശക്തമായൊരു ഇടിമിന്നലിനൊപ്പം മേൽക്കൂരയിലെ ഷീറ്റ് കട്ടിലിലേക്ക് പതിച്ചത്. ഭാഗ്യകൊണ്ടാണ് അമ്മയും മകളും അന്ന് രക്ഷപ്പെട്ടത്. രണ്ടര വർഷങ്ങൾക്കിപ്പുറം പരമ ദയനീയമാണ് വീടിന്റെ അവസ്ഥ.

അർഹതപ്പെട്ട ലാപ് ടോപ്പ് പഞ്ചായത്ത് നിഷേധിച്ചപ്പോൾ, ഹൈക്കോടതി വരെ പോയി അതു നേടിയെടുത്ത, പി.ജി ബിരുദധാരിയായ അനഘയുടെ ദുരിത ജീവിതത്തിന്റെ നേർ ചിത്രമാണിത്. വാഹനമിറങ്ങി അയൽവാസിയുടെ പുരയിടത്തിലൂടെ നടന്ന് വേണം നെടുങ്കണ്ടം ഇല്ലിക്കാനത്ത് വടക്കേത്ത് അനഘയുടെ വീട്ടിലെത്താൻ. മഴയിൽ മൺതിട്ട ഇടിഞ്ഞ് മുറ്റത്തേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഭിത്തിപൊളിഞ്ഞ അടച്ചുറപ്പില്ലാത്ത ശുചിമുറി. ഷീറ്റിനിടയിലൂടെ മുറിയിൽ വെള്ളം വീഴാതിരിക്കാൻ രണ്ട് ബക്കറ്റുകൾ തൂക്കിയിരിക്കുന്നു.

17 വർഷം മുമ്പ് സർക്കാർ നൽകിയ നാല്പതിനായിരം രൂപ ഉപയോഗിച്ച് അനഘയുടെ അച്ഛൻ കൂലിപ്പണിക്കാരനായ ബാബു നിർമിച്ചതാണ് നാല് സെന്റ് സ്ഥലത്തെ കൂര. പെൺകുട്ടികൾ വളർന്നപ്പോൾ വീടൊന്ന് പുതുക്കാനായി പഞ്ചായത്തിലടക്കം അപേക്ഷ നൽകിയിരുന്നു. ലാപ്ടോപ്പിന്റെ കാര്യത്തിലെന്ന പോലെ അവഗനയായിരുന്നു അവിടെയും.

ഇടുക്കിയിലെ ഏക മന്ത്രിയായ എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലാണ് പട്ടികജാതി കുടുംബം അവകാശങ്ങൾക്കായി കോടതി വരെ കയറേണ്ടി വരുന്നത്.

സൈബർ ആക്രമണവും

അനഘയുടെ ഫേസ്ബുക്ക് പേജിൽ ഒരു പ്രത്യേക വിഭാഗം സൈബർ ആക്രമണം തുടങ്ങിയിരിക്കയാണ്. ലാപ്ടോപ്പ് ലഭിച്ച കാര്യം അറിയിച്ചിട്ട പോസ്റ്റിന് കീഴിലാണ് മോശം പദപ്രയോഗങ്ങൾ നിറയുന്നത്. സംഭവത്തിൽ അനഘ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി.

അഭിനന്ദിച്ച് എം.എൽ.എ

ഇന്നലെ കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത കണ്ട് കെ.എസ്. ശബരീനാഥൻ എം.എൽ.എ അനഘയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അനഘയുടെ പോരാട്ടത്തിന് എല്ലാം പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തു. നേരത്തെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസും വിളിച്ച് പിന്തുണയറിയിച്ചിരുന്നു.