മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ കണ്ണിക്കൽ,​ തെള്ളിപ്പാറ തോടുകൾക്ക് തൊഴിലുറപ്പ് പദ്ധതിയും ഹരിതകേരളവും സംരക്ഷണമൊരുക്കും. കണ്ണിക്കൽ സി.എം.എസ് എൽ.പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നാടിന്റെ തോടുകളെ മിടുക്കിയാക്കാൻ ഒത്തുചേരും. ഹരിതകേരളത്തിന്റെ പുഴപുനരുജ്ജീവന പ്രവർത്തനമായ 'ഇനി ഞാനൊഴുകട്ടെ" പരിപാടിയുടെ ഭാഗമായാണ് നവീകരണം നടത്തുക. മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നതിന് തോടിന്റെ ഇരുവശത്തും കല്ല് കയ്യാലകൾ നിർമ്മിച്ച് തട്ടുതട്ടായി തിരിച്ച് അവിടെ മുളകളും ഇലിപ്പയും നട്ടുപിടിപ്പിക്കും. വലകെട്ടിയിൽ നിന്നുമാണ് കണ്ണിക്കൽതോട് ഉത്ഭവിക്കുന്നത്. അനൂരിൽ നിന്നുള്ള തെള്ളിപ്പാറത്തോടുമായി കണ്ണിക്കലിൽ ഇത് ഒത്തുചേരും. മണപ്പാടിവരെയുള്ള മൂന്ന് കിലോമീറ്ററോളം ദൈർഘ്യമാണ് തോടിനുള്ളത്. അവിടെ വച്ച് തോട് വലിയാറിൽ ചേരും. കണ്ണിക്കൽ സി.എം.എസ് എൽ.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് തോട് സംരക്ഷിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. പുഴയെ നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ തൊഴിലുറപ്പ് ഓവർസീയർ ജയകൃഷ്ണൻ, വാർഡ്‌ മെബർ എലിസബത്ത് ജോൺസൻ, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളായ റിട്ട. സിറ്റി പൊലീസ് കമ്മീഷണർ കെ.ജി. ജയിംസ്, സജി കുട്ടിച്ചൻ എന്നിവർ പങ്കെടുത്തു.