ചെറുതോണി: ജില്ലാ ആസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് കണക്കുകൾ ഉയരുമ്പോൾ കൊവിഡ് പകരാൻ കാരണമായത് ഹോട്ടൽ ഉടമയുടെ അശ്രദ്ധയെന്ന് ആരോഗ്യ വകുപ്പ്. ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ അന്യ സംസ്ഥാനത്ത് നിന്ന് വന്ന ജീവനക്കാരൻ വഴിയാണ് രോഗം തൊഴിലാളികൾക്കും പിന്നീട് കടയിൽ കയറിയ മറ്റു ചിലരിലേയ്ക്കും പകർന്നതെന്നാണ് വിവരം. ഹോട്ടൽ ഉടമ അന്യ​സംസ്ഥാനത്തു നിന്നു വന്ന ഈ വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നൽകിയിരുന്നില്ല. നിരീക്ഷണത്തിലിരിക്കാതെ ഇയാൾ മറ്റുള്ളവരുമായി ബന്ധം പുലർത്തി. ഇതിനിടെ തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിയുടെ സ്രവ പരിശോധനയിൽ അവരുടെ സമ്പർക്കം പരിശോധിച്ചാണ് ആരോഗ്യ വകുപ്പ് ഈ ഹോട്ടലിലും എത്തിയത്. ജീവനക്കാരിയുടെ കുടുംബാംഗങ്ങൾക്കോ മറ്റ് സമ്പർക്കത്തിലുള്ളവർക്കോ ആർക്കും രോഗം കണ്ടെത്താനായിട്ടില്ല. എന്നാൽ പരിശോധനയിൽ ഹോട്ടലിലെ ജീവനക്കാരും ഉടമയും കുടുംബാംഗങ്ങളുമടക്കം നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഈ തൊഴിലാളിയെ തന്ത്രപൂർവം ഇവിടെ നിന്ന് ഉടമയുടെ നേതൃത്വത്തിൽ മാറ്റിയതായാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഇയാളുടെ മൊബൈൽ ലൊക്കെഷൻ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 31 പേർക്ക് ഇന്നലെ വരെ ഈ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ഫലങ്ങൾ വരാനുണ്ട്. ചെറുതോണി ടൗൺ ഭാഗത്തായി ഇന്നലെ മാത്രം എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.