തൊടുപുഴ: മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷൻ ഉൾപ്പെടെ പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഡീൻ കുര്യാക്കോസ് എം.പിയുടെ തുറന്ന കത്ത്. കേരളത്തിൽ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കികൊണ്ട് ഇ.എസ്.എ പ്രദേശങ്ങളെ നിശ്ചയിക്കുകയും, ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്തതാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല വേരിഫിക്കേഷനിലൂടെയാണ് ഇത് നിശ്ചയിച്ചത്. 2014ലെ യു.പി.എ ഗവൺമെന്റും, പിന്നീട് വന്ന ഒന്നാം എൻ.ഡി.എ ഗവൺമെന്റും, ഇപ്പോഴത്തെ ഗവൺമെന്റും ഇക്കാര്യം അംഗീകരിച്ച് കരടു വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ശാശ്വതമായി ഇ.എസ്.എ പ്രശ്‌നം അവസാനിക്കും. ഇത് സംബന്ധിച്ച് രണ്ട് തവണ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഗൗരവകരമായ ഒരു മറുപടി ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുമുള്ള ഇപൈടലും ഇന്ന് വരെയും ഉണ്ടായിട്ടുമില്ല. യു.ഡി.എഫ് സർക്കാർ ജനങ്ങളുടെ ആശങ്കയകറ്റാൻ സർവ്വകക്ഷി യോഗം പലതവണ വിളിച്ചു ചേർത്തിരുന്നു. നാളിത് വരെയും ആ നിലയിൽ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിച്ച് ഒരിടപെടലും പിണറായി സർക്കാർ ചെയ്തിട്ടില്ല. സുപ്രീം കോടതി ആഗസ്റ്റ് 7ന് കേസ് പരിഗണിക്കുമ്പോൾ കേരളത്തിനു വേണ്ടി കക്ഷി ചേരുന്നവരുടെയെല്ലാം അഭിപ്രായങ്ങൾ ഒന്നാവാൻ സർക്കാർ എന്ത് ഇടപെടലുകൾ നടത്തണമെന്നും അതുറപ്പാക്കണം. കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന്റെ താത്പര്യത്തിനൊപ്പം തന്നെയെന്നുറപ്പാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. കേസിന്റെ നടത്തിപ്പ് സംസ്ഥാനത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്ന തരത്തിൽ ആണെന്നുറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. പരിസ്ഥിതി വിഷയങ്ങളിൽ കർഷക താത്പര്യം സംരക്ഷിക്കുന്ന ഒരു സീനിയർ അഭിഭാഷകനെ കേസ് നടത്തിപ്പിനായി സർക്കാർ നിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.