ഇടുക്കി: കുമളി പഞ്ചായത്തിൽ 2018ലും 19ലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ മേഖലകൾ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കി. മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രദേശം സംരക്ഷിക്കാനായുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ലാൻഡ് സ്ലൈഡ് ഏരിയ സ്റ്റെബിലൈസേഷൻ പദ്ധതി പ്രകാരം പ്രവർത്തനങ്ങൾ നടക്കും. 66.5 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അഞ്ചാം വാർഡിലായിരുന്നു കഴിഞ്ഞ കാലവർഷക്കെടുതിയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി കൂടുതൽ നാശം സംഭവിച്ചത്. ഒട്ടകത്തലമേടിന്റെ മുകൾ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ടൗൺ പ്രദേശങ്ങളെ അടക്കം വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. പദ്ധതി നടത്തിപ്പിനായി ഇ.എസ്. ബിജിമോൾ എം.എൽ.എ, കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അരുൺ രാജ് എന്നിവരുടെ സാന്നിധ്യത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനും കൺവീനറും അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ശേഷം മണ്ണ്‌സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയ്ക്കും റിപ്പോർട്ടുകൾക്കും ശേഷമാണ് ഇപ്പോഴത്തെ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കാർഷിക ഭൂമിയിലെ പ്രവർത്തനങ്ങൾ, പുല്ലുവച്ച് പിടിപ്പിക്കൽ, ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ, ചെറുതോടുകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം പദ്ധതിപ്രകാരം നടത്തും. കർഷകരുടെ പൂർണ സഹകരണത്തോടെ പദ്ധതി മുമ്പോട്ട് കൊണ്ടുപോകാനാണ് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിട്ടുള്ളത്.