ഇടുക്കി : കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് ഏലപ്പാറയിലും കൊവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു.സെന്റർ പ്രവർത്തന സജ്ജമാക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും. ഏലപ്പാറ സർക്കാർ ഹൈസ്‌ക്കൂളിലാണ് ചികിത്സാ കേന്ദ്രം ക്രമീകരിച്ചിട്ടുള്ളത്. അടുത്ത ആഴ്ചയോടെ സെന്ററിന് വേണ്ടുന്ന ക്രമീകരണങ്ങൾ പൂർത്തീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഹൈസ്‌ക്കൂളിന്റെ ഭാഗമായ മൂന്ന് കെട്ടിടങ്ങൾ ഏറ്റെടുത്താണ് ചികിത്സാ കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. 50 ബെഡുകൾ ഇവിടെ ക്രമീകരിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഇടങ്ങൾ കേന്ദ്രത്തിലുണ്ട്. ആലപ്പുഴ കയർഫെഡിന്റെ സഹായത്തോടെയാണ് സെന്ററിലേക്കാവശ്യമായ 30 കിടക്കകൾ എത്തിക്കുന്നത്. ഏലപ്പാറ പി.എച്ച്.‌സിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് പരിചരണം നൽകും. രോഗികളുടെ എണ്ണമേറി വരുന്ന സാഹചര്യമുണ്ടായാൽ വാഗമണ്ണിനടുത്ത് മറ്റൊരു സെന്റർ തുറക്കാനുള്ള നടപടികൾ സ്വീകരിക്കും. വാഹന സൗകര്യമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഏലപ്പാറ സർക്കാർ ഹൈസ്‌ക്കൂളിൽ തന്നെ പ്രാഥമിക ചികത്സാ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.