ഇടുക്കി: ജില്ലയുമായി സംസ്ഥാന അതിർത്തി പങ്കിടുന്ന കുമളി മുതൽ മറയൂർ കരിമുട്ടി വരെയുള്ള അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട്ടിൽ നിന്ന് ആളുകളുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പൊലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ കൊവിഡ് രോഗ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. മൂന്നാർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ കുമളി, കമ്പംമെട്ട്, ശാന്തമ്പാറ, ദേവികുളം, മറയൂർ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. കൂടാതെ വനം വകുപ്പുമായി ചേർന്ന് അതിർത്തി പ്രദേശങ്ങളിലൂടെയുള്ള നടപ്പാതകളിൽ സംയുക്ത പട്രോളിംഗ് നടത്തുന്നതിനും നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു.