കട്ടപ്പന: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ തടഞ്ഞ് അസഭ്യം പറഞ്ഞവർക്കെതിരെ നടപടി വേണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഴുവൻ സമയവും ജോലി ചെയ്യുന്നവരാണ് ഹെൽത്ത് ഇൻസ്‌പൈക്ടർമാർ. ഇതിനിടയിൽ ലൈസൻസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് കടകളിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് സാമൂഹിക വിരുദ്ധർ തടഞ്ഞത്. തുടർന്ന് ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ കളക്ടർ, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി വേണമെന്ന് ഭാരവാഹികളായ ജയ്‌സൺ ജോൺ, ആർ. അരുൺകുമാർ എന്നിവർ പറഞ്ഞു.