നെടുങ്കണ്ടം: ബാലഗ്രാമിൽ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ കൗമാരക്കാരനടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൂക്കുപാലം വടക്കേപുതുപറമ്പിൽ മുഹമ്മദ് താഹാഖാൻ (21), കൂട്ടാർ ബ്ലോക്ക് നമ്പർ 1305ൽ ജാഫർ (34), കൗമാരക്കാരനായ വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, ഓൺലൈനിലൂടെ മൊബൈൽ വാങ്ങി വിൽപന നടത്താനാണ് സംഘം മോഷ്ടിച്ചത്. നെടുങ്കണ്ടം ബാലഗ്രാം പാലമൂട്ടിൽ റെജിയുടെ വീട്ടിൽ നിന്നാണ് ഈമാസം ആദ്യം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി റെജി കുടുംബസമേതം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ഈ സമയത്താണ് മകളുടെ വിവാഹ ആവശ്യത്തിനായി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മാല, ഒരു ജോഡി കമ്മൽ, ഒരു കാപ്പ്, അഞ്ച് വളകൾ, അഞ്ച് തകിടുകൾ എന്നിവയാണ് സംഘം അപഹരിച്ചത്. പകരം മുക്കുപണ്ടം ബാഗിലാക്കി അലമാരയിൽ തിരികെ വച്ചു. വ്യാഴാഴ്ച ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. കൗമാരക്കാരനായ വിദ്യാർത്ഥി ഓൺലൈനിലൂടെ മൊബൈൽ ഫോൺ വാങ്ങി മറിച്ചുവിൽപന നടത്തിവന്നിരുന്നു. ഇതിനു പണം കണ്ടെത്താനാണ് സ്വർണം മോഷ്ടിച്ചത്. ജൂലായ് ആദ്യം തൂക്കുപാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സുഹൃത്തുമായി ചേർന്ന് സ്വർണം പണയംവച്ചു. പിന്നീട് ജാഫറിന് 8.08 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഇതിൽ നിന്ന് 130 ഗ്രാം സ്വർണം മൂന്നുലക്ഷം രൂപയ്ക്ക് ജാഫർ കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തി. മൂന്നുലക്ഷം രൂപയാണ് ഇവിടെനിന്നു വാങ്ങിയത്. ബാക്കി പണം പിന്നീട് നൽകിയാൽ മതിയെന്നു പറഞ്ഞ് ഇയാൾ പോകുകയായിരുന്നു. ഇന്നലെ ജാഫറുമായി പൊലീസ് സംഘം കട്ടപ്പനയിലെ സ്ഥാപനത്തിലെത്തി സ്വർണാഭരണങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം സി.ഐ. പി.കെ ശ്രീധരന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.