police
നെടുങ്കണ്ടം സ്‌റ്റേഷനിൽ സിവിൽ ഡ്രസിൽ മുഖാവരണം ധരിക്കാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ.

കട്ടപ്പന: കട്ടപ്പന, തൊടുപുഴ ഡിവൈ.എസ്.പിമാർ പുറത്തിറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട ചർച്ച കൊഴുക്കുന്നതിനിടെ മാസ്കില്ലാതെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കറക്കം വിവാദമായി. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സിവിൽ ഡ്രസിൽ നിർദേശങ്ങൾ കാറ്റിൽപ്പറത്തി മാസ്ക് ധരിക്കാതെ സഹപ്രവർത്തകരുമായി അടുത്തിടപഴകി സമയം ചെലവഴിച്ചത്. സാധാരണ വേഷത്തിൽ മാസ്കില്ലാതെ സ്റ്റേഷനിലൂടെ നടക്കുന്നതാരാണെന്ന് അന്വേഷിച്ചപ്പോഴാണ് നെടുങ്കണ്ടത്തെ സി.പി.ഒ ആണെന്നു അറിയുന്നത്. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ നിരവധിപേർ ഈസമയം ഉണ്ടായിരുന്നു. പ്രതികളും സ്ഥലത്തുണ്ടായിരുന്നു. മുഖാവരണം ധരിക്കാതെ സ്റ്റേഷനിലും പരിസരത്തും നിരവധി പേരുമായി ഉദ്യോഗസ്ഥൻ അടുത്തിടപഴകി നടന്നു. മറ്റുള്ളവർ ശ്രദ്ധിക്കുന്നതായി കണ്ടതോടെയാണ് പിന്നീട് മാസ്‌ക് ധരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രതക്കുറവ് കാട്ടുന്നതായി ശ്രദ്ധയിൽപെട്ടതോടെ കട്ടപ്പന സബ് ഡിവിഷനിലെ സ്റ്റേഷനുകളിൽ കർശന നിർദേശം നൽകി കട്ടപ്പന ഡിവൈ.എസ്.പി. ഉത്തരവിറക്കിയിരുന്നു. അവധി ദിവസങ്ങളിലും വിശ്രമസമയത്തും പൊലീസുകാർ ബന്ധുക്കളെയും മറ്റുള്ളവരെയും സന്ദർശിക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. പൊലീസുകാർ ഇത്തരത്തിലുള്ള യാത്രകൾ നടത്താൻ പാടില്ലെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യ സമ്പർക്കത്തിലൂടെ രോഗബാധിതരായാൽ ചികിത്സാച്ചെലവ് സ്വയം വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.