തൊടുപുഴ: കൂറുമാറ്റ നിയമപ്രകാരം കരിങ്കുന്നം പഞ്ചായത്തംഗം തോമസുകുട്ടി കുര്യനെ തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും ആറു വർഷത്തേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്. കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച തോമസുകുട്ടി കുര്യൻ 2018 സെപ്തംബർ 17ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗമായ എം.എസ്. ദിലീപ്കുമാറിന് വോട്ടു ചെയ്യണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചിരുന്നു. ഇതിനെതിരെ എം.എസ്. ദിലീപ്കുമാറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. എന്നാൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തോമസുകുട്ടി കുര്യൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ തോമസു കുട്ടി കുര്യൻ ഈ ഭരണസമിതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.