തൊടുപുഴ: ഇന്നലെ ജില്ലയിൽ 40 പേർക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇതി 31ഉം സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണെന്നത് ഇടുക്കിയെ ആകെ ഭീതിയിലാക്കുന്നു. ഇതിൽ നാല് പേരുടെ രോഗത്തിന്റെ ഉറവിടവുമറിയില്ല. സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ കുമളി ചെക്പോസ്റ്റിലെ റവന്യൂ സ്റ്റാഫും(47) ആരോഗ്യ പ്രവർത്തകരും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുമൊക്കെയുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക വളരെ വലുതാണ്. ഇത് ജില്ലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടുക്കിയിൽ നിരീക്ഷണത്തിലിരുന്ന കോട്ടയം സ്വദേശി(23)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉറവിടമറിയാതെ നാല്
ഉറവിടമറിയാ രോഗികളിൽ രണ്ട് ആരോഗ്യ പ്രവർത്തകരുണ്ട്. ഒരാൾ ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സാണ് (33). രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ പോയിരുന്നു. മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനും രോഗം സ്ഥിരീകരിച്ചു. കരിങ്കുന്നം സ്വദേശിയായ മുപ്പത്തൊന്നുകാരനും സ്വാകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ കാമാക്ഷി സ്വദേശി(33)യുമാണ് ഉറവിടമറിയാത്ത മറ്റ് രണ്ട് രോഗികൾ. കരിങ്കുന്നം സ്വദേശി വ്യാഴാഴ്ച ദുബയിലേക്ക് പോകാനിരുന്നതാണ്. അതിനായാണ് പരിശോധന നടത്തിയത്. പോകുന്നതിന് ഒരു ദിവസം മുമ്പ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കാമാക്ഷി സ്വദേശി ജോലിയുടെ ആവശ്യത്തിനായി രാജാക്കാട് പോയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനാൽ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.


ജില്ലാ ആസ്ഥാനത്ത് നെഞ്ചിടിപ്പേറുന്നു
ജില്ലാ ആസ്ഥാനത്തും സമീപ പഞ്ചായത്തുകളിലുമായി 10 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. ഏഴ് പേർ ചെറുതോണിയിലാണ്. ഇതിൽ അഞ്ചു പേർക്കും ഒരാളിൽ നിന്നാണ് രോഗം പകർന്നിരിക്കുന്നത്. രണ്ട് പേർ കരിമ്പൻ സ്വദേശികളും ഒരാൾ വാഴത്തോപ്പ് സ്വദേശിയുമാണ്. ഉപ്പുതോട് സ്വദേശിയായ 12കാരനും കട്ടപ്പന സ്വദേശിക്കും (35) സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

രാജാക്കാട്- 4, മുള്ളരിങ്ങാട്- 6
കുറച്ചു ദിവസങ്ങളായി വലിയ രീതിയിൽ സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്ത രാജാക്കാടും മുള്ളരിങ്ങാടും ആശങ്കയ്ക്ക് അയവില്ല. രാജാക്കാട് നാല് പേർക്കും മുള്ളരിങ്ങാട് ആറ് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. മുള്ളരിങ്ങാട്ട് രണ്ട് രോഗികൾ 60 വയസിന് മുകളിലുള്ളവരാണ്.



കുടുംബത്തിലെ നാല് പേർക്ക്
മൂന്നാറിൽ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പോയ യുവതി (45) ഇവരുടെ ഭർത്താവ് (50), മകൻ (24), ബന്ധുവായ പെൺകുട്ടി (17) എന്നിവർക്കാണ് രോഗം പകർന്നിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
 മധുരയിൽ നിന്ന് കുമളിയിലെത്തിയ വയോധിക ദമ്പതിമർ (75, 69)
 ബംഗളൂരുവിൽ നിന്ന് കുമളിയിലെത്തിയ കുടുംബത്തിലെ നാല് പേർ. ആറും ഒന്നും ഒമ്പതും വയസുള്ള കുട്ടികളും 38 വയസുള്ള സ്ത്രീയ്ക്കുമാണ് രോഗം.
 തേവാരത്ത് നിന്നെത്തിയ ഉടുമ്പഞ്ചോല സ്വദേശി (32)
 രാജസ്ഥാനിൽ നിന്ന് വന്ന വെള്ളിയാമറ്റം സ്വദേശിനി (22)