തൊടുപുഴ: സർക്കാർ തലത്തിൽ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ബന്ധപ്പെട്ട അധികൃതരുടെ താൽപര്യക്കുറവിന്റെയും നിസംഗതയുടെയും ഏറ്റവും വലിയ ഉദാഹരണമായി മാരിക്കലുങ്ക് പാലം. തൊടുപുഴ നഗരത്തിലെ വർദ്ധിച്ച് വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കരുതിയാണ് മരിക്കലുങ്കിൽ പുതിയ പാലം നിർമ്മാണത്തിനു പദ്ധതിയിട്ടത്. എന്നാൽ ഇവിടെ പാലം നിർമ്മാണം പൂർത്തീകരിച്ച് ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും പാലം ജനത്തിനു പ്രയോജനമില്ലാതെ നോക്കുകുത്തിയായി നില നിൽക്കുന്ന അവസ്ഥയാണ്. പാലത്തിന്റെ ഭാഗമായിട്ടുള്ള അപ്രോച്ച് റോഡിന്റെ നിർമാണം വൈകുന്നത് മൂലമാണ് ആറര കോടി മുടക്കി പൂർത്തിയാക്കിയ പാലം ഇതുവരെയും ജനത്തിനു പ്രയോജനമാകാത്തത്. അപ്രോച്ച് റോഡില്ലാത്തതിനാൽ നാട്ടുകാർക്ക് പാലം കൊണ്ട് ലഭിക്കുന്നത് നടപ്പാലത്തിന്റെ പ്രയോജനം മാത്രം. എട്ട് വർഷം മുൻപ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മിച്ചത്. മാരിയിൽ കലുങ്ക്, മലങ്കര പാലങ്ങളിൽ ഒരേ സമയം നിർമാണം ആരംഭിച്ചെങ്കിലും മലങ്കര പാലം നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. എന്നാൽ മാരിയിൽ കലുങ്ക് പാലം തുറക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിനും വ്യക്തതയില്ല. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ ആഘാത പഠനവും റവന്യൂ വകുപ്പ് നടത്തിയിരുന്നു. മൂലമറ്റം റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വൺവേ സംവിധാനമൊരുക്കി കെഎസ് ആർടിസി ജംഗ്ഷനിലെ വലിയ തിരക്ക് കുറയ്ക്കാനും പാലം നിർമാണത്തിലൂടെ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. പാലത്തിന് അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന കാരണത്താലാണ് ഇതുവഴിയുള്ള ഗതാഗതം സാദ്ധ്യമാകാത്തത്. എന്നാൽ സർക്കാർ ന്യായമായ വില നൽകിയാൽ സ്ഥലം വിട്ടു നൽകാമെന്ന് ഉടമകൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിനായുള്ള നടപടികൾ വൈകുകയാണ്. കാഞ്ഞിരമറ്റം ഭാഗത്ത് നിന്ന് 200 മീറ്ററോളം ഭാഗത്തെ സ്ഥലം എറ്റെടുത്തെങ്കിൽ മാത്രമേ പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡ് പൂർത്തിയാക്കാൻ കഴിയൂ. അപ്രോച്ച് റോഡ് നിർമിച്ച് പാലം തുറന്നു കൊടുത്താൽ തൊടുപുഴയുടെ വികസനകുതിപ്പിനു വേഗം കൂടുമെന്നതിനാൽ എത്രയും വേഗം ഇതിനായുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രധാന ലക്ഷ്യം: കാഞ്ഞിരമറ്റം, മുതലിയാർമഠം, കാരിക്കോട്, അഞ്ചിരി , തെക്കുംഭാഗം പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും വികസനത്തിനും ഏറെ പ്രയോജനപ്പെടുമായിരുന്നു. പാലത്തിൽ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്നും കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിർമിക്കാനും ലക്ഷ്യമിട്ടിരുന്നു.