തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരികരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. കഴിഞ്ഞ ദിവസം വാഴത്തോപ്പിൽ രോഗം സ്ഥിരീകരിച്ചയാളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്കെല്ലാം രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പിെന്റ കണ്ടെത്തൽ. ഇതോടെ ഇടവെട്ടി പഞ്ചായത്തിലെ 1, 11, 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഞായറാഴ്ച അഞ്ച് പേർക്കാണ് ഇടവെട്ടിയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഒരു വീട്ടിലുള്ളവരാണ്. വാഴത്തോപ്പിൽ രോഗം സ്ഥിരീകരിച്ചയാളുമായി കഴിഞ്ഞ 14 ന് രാവിലെ സമ്പർക്കമുണ്ടായ ഇടവെട്ടിയിലെ പോസിറ്റീവായ ആളുടെ 69 വയസ്സുള്ള കുടുംബാംഗം ഓട്ടോറിക്ഷയിൽ ചെറുതോണിയിലെ ബന്ധുവീട്ടിൽ എത്തുകയും അവിടെ നിന്നും 2.30 ന് ഇടവെട്ടിയിലെ വീട്ടിൽ എത്തി മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കത്തിൽ ആകുകയുമായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്. കോവിഡ്‌പോസിറ്റീവ് ആയവരിലൊരാൾ 14 ന് ഇടവെട്ടി ചേമ്പാലശേരി പള്ളിയിൽ വൈകിട്ട് അസർ, മഗരിബ്, ഇശാ നമസ്‌കാരം നിർവഹിച്ചിട്ടുണ്ട്.15ന് രാവിലെ 9 ന് പോസിറ്റീവ് ആയ ആളുടെ കുടുംബാംഗം ഇടവെട്ടിയിലെ ട്യൂഷൻ സെന്ററിൽ എത്തി 11 ന് വീട്ടിലേക്ക് മടങ്ങി. റൂട്ട് മാപ്പിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ സമ്പർക്ക പട്ടികയിൽ വരുന്നവരെല്ലാം നിരീക്ഷണത്തിൽ പോകേണ്ടതും, പ്രദേശവാസികൾ ജാഗ്രത പുലർത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ട ഇരുപതോളം പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കയിട്ടുണ്ട്.