തൊടുപുഴ: " കൂട്ടുകാരെ കണ്ടിട്ടെത്രനാളായി , അതുകൊണ്ടാ ഗ്രൂപ്പുണ്ടാക്കിയത്. " ക്ളാസ് ഗ്രൂപ്പിന് സമാന്തരമായി കുറേകുട്ടികൾ ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് കൈയ്യോടെ പിടികൂടിയ അദ്ധ്യാപികയുടെ ചോദ്യംചെയ്യലിന് ഒരു വിദ്യാർത്ഥിയുടെ നിഷ്കളങ്കമായ മറുപടിയായിരുന്നു ഇത്. അതേ ഇപ്പോൾ പഠനം മാത്രമല്ല കൂട്ടുകൂടലും തല്ലുകൂടലും കളിയാക്കലുംസോറപറച്ചിലും ഒക്കെ ഓൺലൈനിലായി. കഴിഞ്ഞ ദിവസമാണ്അഞ്ചാം ക്ളാസിലെ ഓൺലൈൻ ക്ളാസിൽ ടീച്ചറുടെ ക്ളാസിനിടെ പിള്ളാർ ഗ്രൂപ്പ്മാറി പോസ്റ്റിട്ടത്. രാവിലെ തങ്ങളുടെ സ്വന്തം ഗ്രൂപ്പിൽ നടന്ന കളിയാക്കലിന്റെ പ്രതികരണം ഒരു കുട്ടി അറിയാതെ പോസ്റ്റ് ചെയ്തതാണ്. എസ് മിന്, ഓക്കെ മിസ്, തുടങ്ങിയവ മാത്രം ക്ളാസിനിടെ പോസ്റ്റ്ചെയ്യുന്നതിനിടെയാണ് കുസൃതി കമന്റ് വന്നത്. ടീച്ചർ പയ്യനെ ക്ളാസ് കഴിഞ്ഞ് വിളിച്ച് കാര്യങ്ങൾ ചോദിച്ചതോഴാണ് സമാന്തര ഗ്രൂപ്പിന്റെ കഥ പുറത്ത് വന്നത്. സ്കൂളും കൂട്ടുകാരെയും കണ്ടിട്ട് കുറേക്കാലമായതിന്റെ ടെൻഷൻ തുറന്ന് പറഞ്ഞതോടെ ക്ളാസിന് ദോഷംവരാതെ വേണം ഇത്തരം കാര്യങ്ങളെന്ന് ചില ഉപദേശങ്ങൾ നൽകാനേ ടീച്ചർക്കായുള്ളു. സാമനമായ രീതിയിലും അതിലും ഏറെ രസകരമായും ചില അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പല അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ക്ളാസിന്റെ വിരസതയും ലോക്ക് ഡൗണിന്റെ ചട്ടക്കൂടുകളും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ചില്ലറയല്ല. ടിക്ടോക്കുൾപ്പടെയുള്ളവ ഇല്ലാതായപ്പോൾ ചില നേരംപോക്കുകളും ഇല്ലാതായി. പൊതു ഇടങ്ങളിലും മറ്റും കുട്ടികളെ കൊണ്ടുപോകാതെയായതോടെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളെ കുട്ടികൾ അഭയം പ്രാപിച്ചിരിക്കുകയാണ്. ക്ളാസിലെ കുറേക്കുട്ടികൾ ചേർന്നുള്ള ഗ്രൂപ്പിൽ വീഡിയോ കോൾ, ഗ്രൂപ്പ് വീഡിയോ കോൾ എല്ലാം ഇപ്പോൾ പൊടിപൊടിക്കുകയാണ്. ബന്ധുക്കളായുള്ള കുട്ടികൾ ചേർന്നുള്ളവാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുടുംബവിശേഷങ്ങൾ പങ്ക് വെക്കലും വീഡിയോ ഉൾപ്പടെയുള്ളവ ഷെയർചെയ്യലും ട്രോളുകൾ അയയ്ക്കലുമൊക്ക ഈ ഓൺലൈൻ പഠനകാലത്തെ വിശേഷങ്ങൾതന്നെ.