മറയൂർ:വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരൂന്ന തൊഴിലാളി മരിച്ചു. മറയൂരിന് സമീപം തലയാൾ കോഫിസ്റ്റോർ എസ്റ്റേറ്റിൽ അരുണാചലം (55) കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അയൽവാസികൾ തമ്മിൽ വഴക്കുണ്ടായത്. അരുണാചലത്തിന്റെ കുടുംബവും അയൽവാസികളായ സുബ്ബരാജിന്റെ കൂടുംബവുമായി വഴക്കുണ്ടായതിനെ തുടർന്ന് അരുണാചലത്തിന് ഗുരുതരമായി പരിക്ക് ഏൽക്കുകയായിരുന്നു. അരുണാചലത്തിന്റെ ഭാര്യ പ്രേമ, മകൻ പ്രേം കുമാർ എന്നിവർക്കൂം സാരമായി പരിക്കേറ്റിരുന്നു ഇവർ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. പരിക്ക് ഗുരുതരമായതിനാൽ അരുണാചലത്തെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്. സംഘടനത്തിൽ തലക്ക് പരിക്കേറ്റ് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പ്രതി സുബ്ബരാജ് (44) നെ പൊലീസ് നിരീക്ഷണത്തിലാക്കി .