ഒരാഴ്ചയ്ക്കുള്ളിൽ മുള്ളരിങ്ങാട് മാത്രം 53 പേർക്ക് രോഗം

അഭിഭാഷകനും സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനും രോഗബാധ

തൊടുപുഴ: ജില്ലയിലെ 48 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിനാല് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റേയും എറണാകുളത്ത് ചികിത്സയക്കായി പോയപ്പോൾ രോഗം സ്ഥിരീകരിച്ച ഉടുമ്പഞ്ചോല സ്വദേശി(61)യുടേയും ഉറവിടമറിയില്ല.
കരിമണ്ണൂരിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുള്ളരിങ്ങാട് പള്ളി തർക്ക സമയത്ത് ഡ്യൂട്ടിയിലുണ്ടായതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം.
മുള്ളരിങ്ങാടിനൊപ്പം ലോറേഞ്ചിലെ മറ്റ് പഞ്ചായത്തുകളായ ഇടവെട്ടി, കരിങ്കുന്നം, മണക്കാട് എന്നിവിടങ്ങളിലും സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി നിരന്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജാക്കാട് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആശങ്കയോഴിയാതെ
മുള്ളരിങ്ങാട്
മൂന്ന് പേർക്കാണ് മുള്ളരിങ്ങാട്ട് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതിൽ രണ്ട് പേർ കുട്ടികളാണ് (നാല്, ഒമ്പത്). അറുപത്തൊന്നു വയസുകാരിക്കും രോഗം പകർന്നു. മണക്കാട് സ്വദേശി(42)യായ അഭിഭാഷകന് രോഗം പകർന്നതും മുള്ളരിങ്ങാട് നിന്നാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുള്ളരിങ്ങാട് മാത്രം 53 പേർക്കാണ് രോഗം പകർന്നിരിക്കുന്നത്. മുള്ളരിങ്ങാട് നിന്ന് മറ്റ് മേഖലയിലുള്ള രണ്ട് പേർക്കും സമ്പർക്ക രോഗബാധയുണ്ടായി.
ഇടവെട്ടിയിൽ
അഞ്ച്
ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ഇടവെട്ടിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗൃനാഥൻ (45), ഭാര്യ (36), മകൾ (13), വയോധികരായ രണ്ട് പേർ (76, 69) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മകന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം ബാധിച്ചു കഴിഞ്ഞു. കുടംബത്തിലെ ഒരാൾക്ക് വാഴത്തോപ്പിലെ രോഗിയുമായി സമ്പർക്കമുണ്ടായിരുന്നു. അവിടെ നിന്നാണ് രോഗം പകർന്നിരിക്കുന്നത്.
കരിങ്കുന്നത്ത്
നാല്
ഒരാളിൽ നിന്ന് നാല് പേർക്കാണ് കരിങ്കുന്നത്ത് രോഗം പകർന്നിരിക്കുന്നത്. വെള്ളിയാഴ്ച കോട്ടയത്ത് രോഗം സ്ഥിരീകരിച്ചയാളിൽ നിന്നാണ് എല്ലാവർക്കും പകർന്നിരിക്കുന്നത്. രോഗബാധിതരിൽ ആറ് വയസുകാരിയും അറുപത്തിനാലുകാരിയുമുണ്ട്.
മൂന്നാർ, മരിയാപുരം രണ്ട് വീതം
രണ്ട് സമ്പർക്ക രോഗബാധ വീതമാണ് മൂന്നാറിലും മരിയാപുരത്തും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ രോഗം റിപ്പോർട്ട് ചെയ്ത കരിമ്പനിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിട്ടുണ്ട്.
നെടുങ്കണ്ടം സ്വദേശി(25)ക്ക് രോഗം പകർന്നിരിക്കുന്നത് കഞ്ഞിക്കുഴിയിൽ നിന്നാണ്. വണ്ടിപ്പെരിയാർ സ്വദേശിനി(25)ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോയപ്പോൾ രോഗബാധിതനുമായി സമ്പർക്കമുണ്ടായി. കട്ടപ്പനയിൽ യുവാവി(33) സമ്പർക്കത്തിലൂടെ രോഗം പകർന്നു. പീരുമേട്ടിലെ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടികയിലുള്ള യുവാവിനും(31) രോഗം പകർന്നിട്ടുണ്ട്.
ആന്റിജൻ പരിശോധന ആറ്
മറ്റ് ജില്ല ഒന്ന്
ആന്റിജൻ പരിശോധനയിൽ പീരുമേട് സ്വദേശികളായ നാല് പേർക്കും എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഇടുക്കി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം ഇടക്കുന്നം പാറത്തോട് സ്വദേശിയായ അറുപതുകാരിക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ
വന്നവർ
* ചെന്നൈയിൽ നിന്ന് വന്ന ഏലപ്പാറ സ്വദേശികളായ ദമ്പതിമാർ (30, 23)
* റായ്പൂരിൽ നിന്ന് വന്ന മെയിൽ നഴ്‌സ്(33), തൂത്തുക്കുടിയിൽ നിന്ന് വന്ന യുവതി(34). ഇരുവരും കരിമണ്ണൂർ സ്വദേശികളാണ്.
* കമ്പത്ത് നിന്ന് വന്ന നേടുങ്കണ്ടം സ്വദേശിനി(19)
* ബംഗളൂരുവിൽ നിന്ന് വന്ന നെടുങ്കണ്ടം സ്വദേശികളായ നാലംഗ കുടുംബം. സ്ത്രീ(48), പുരുഷൻ (38), രണ്ട് കുട്ടികൾ (13, 10). മറ്റൊരു നെടുങ്കണ്ടം സ്വദേശി(30)
* മൂന്ന് ഉടുമ്പഞ്ചോല സ്വദേശിനികൾ (44, 30, 16).
* ബംഗളൂരുവിൽ നിന്ന് വന്ന തൊടുപുഴ സ്വദേശിനി (56)
* തിരുനെൽവേലിയിൽ നിന്നെത്തിയ യുവതി(19), തേനിയിൽ നിന്നെത്തിയ ആൺകുട്ടി (14). ഇരുവരും വട്ടവട സ്വദേശികൾ.
വിദേശത്ത് നിന്ന്വന്നയാൾ
* റിയാദിൽ നിന്ന് വന്ന ഉടുമ്പന്നൂർ സ്വദേശി (53)