തൊടുപുഴ:പള്ളികൈമാറ്റവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് വിവാദമായി. വണ്ണപ്പുറം പഞ്ചായത്തിലെ 63 പേർക്കാണ് എട്ട് ദിവസം കൊണ്ട് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു പഞ്ചായത്തംഗവും പള്ളി ട്രസ്റ്റിയും ഉൾപ്പെടുന്നു. നാനൂറോളം പേരാണ് നിരീക്ഷണത്തിലായത്.
യാക്കോബായ വിഭാഗം കൈവശം വച്ചിരുന്ന മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി ഈ മാസം പത്തിന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയിരുന്നു.കോടതി വിധി നടപ്പാക്കാനും സംഘർഷം ഒഴിവാക്കാനും
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയതിനു പുറമേ, ഇരുവിഭാഗത്തിലെയും നൂറ്റമ്പതോളം വിശ്വാസികളും തടിച്ചുകൂടി. കൂട്ടത്തിലുണ്ടായിരുന്ന കൊവിഡ് ബാധിതൻ യാക്കോബായ വിഭാഗത്തിന് താത്കാലികമായി പള്ളി പണിയാനും സഹായിച്ചു. എറണാകുളം മാർക്കറ്റിലെ പഴം വിതരണക്കാരനായ ഇയാൾ വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ നാല് വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിലുമാണ്.
ഇപ്പോൾ പള്ളി കൈമാറ്റം നടത്തരുതെന്ന അഭ്യർത്ഥന മാനിക്കാതെ കളക്ടർ വിധി നടപ്പാക്കൻ ശ്രമിച്ചതാണ് ആൾക്കൂട്ടത്തിനിടയാക്കിയതെന്നും ജില്ലാഭരണകൂടമാണ് ഉത്തരവാദിയെന്നും യാക്കോബായ സഭ ആരോപിക്കുന്നു.