അയ്യപ്പൻകോവിലിൽ
കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. മാട്ടുക്കട്ട ബിലിവേഴ്‌സ് ചർച്ച് ബെയിസ് ഗാർഡൻ പബ്ലിക് സ്‌കൂളിലാണ് സെന്ററിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 50 ബെഡുകൾ ചികിത്സാകേന്ദ്രത്തിൽ ഒരുക്കും. സെന്ററിൽ എത്തുന്നവർക്കായി ശുചിമുറിയും കുളിമുറിയും അടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മതിയാവാതെ വന്നാൽ ഇ ടോയിലറ്റ് സംവിധാനവും തയ്യാറാക്കും. പ്രാഥമിക ഘട്ടത്തിൽ 50 ബെഡുകളാണ് തയ്യാറാക്കുന്നതെങ്കിലും വേണ്ടിവന്നാൽ 200 ഓളം ബെഡുകൾ തയ്യാറാക്കാനുള്ള സ്ഥല സൗകര്യം മാട്ടുക്കട്ടയിൽ ക്രമീകരിച്ചിട്ടുള്ള സെന്ററിലുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു ചെയർമാനായുള്ള മാനേജിംഗ് കമ്മറ്റി രൂപീകരിച്ച് കമ്മറ്റിയുടെ മേൽനോട്ടത്തിൽ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ നേത്യത്വത്തിലാണ് സെന്ററിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നത്.
ബൈസൺവാലി
പഞ്ചായത്തിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ പൊട്ടൻകാട് ആരംഭിക്കും. പൊട്ടൻകാട് സർക്കാർ ഹൈസ്‌കൂളിലാണ് രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നത്. 60 പേർക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണ ക്രമീകരണം തുടങ്ങിയവ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടത്തും.ആരോഗ്യ വകുപ്പ് ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, ട്രീറ്റ്‌മെന്റ് റൂമുകൾ, ഫാർമസി തുടങ്ങിയവയുൾപ്പെടുന്ന ട്രീറ്റ്മെന്റ് സെന്ററാണ് പൊട്ടൻകാട് ആരംഭിക്കുക. ജീവനക്കാരെ പോസ്റ്റ് ചെയ്താൽ ഉടൻ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. വീടുകളിൽ കോറന്റൈനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ബൈസൺവാലി ഹയർസെക്കണ്ടറി സ്‌കൂളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്
പള്ളിവാസൽ
പഞ്ചായത്തിന്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തോക്കുപ്പാറയിൽ പ്രവർത്തനം ആരംഭിക്കും. 50 രോഗികൾക്കുള്ള ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ ഒരുക്കുന്നത്. ചെങ്കുളം മേഴ്‌സി ഹോം , വിവിധ സന്നദ്ധ സേവന പ്രവർത്തകർ, സ്വകാര്യ റിസോർട്ട് , വിവിധ രാഷ്ട്രീപാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സജ്ജീകരണങ്ങൾ നടന്നുവരുന്നത്, രോഗികൾക്കുള്ള ക്രമീകരണത്തിനൊപ്പം. ചികിത്സാ റൂം, ഫാർമസി, ആരോഗ്യ പ്രവർത്തകർക്കുള്ള പ്രത്യേക റൂം തുടങ്ങിയവ ഉൾപ്പെടെയാണ് ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന്പഞ്ചായത്ത് പ്രസിഡന്റ് തുളസിബായ് കൃഷ്ണൻ പറഞ്ഞു. സെന്ററിൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യങ്ങളും ഒരുക്കും. കൂടുതൽ രോഗികൾ എത്തിയാൽ ഇടോയ്‌ലറ്റ് സംവിധാനം ഒരുക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.