കട്ടപ്പന: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കട്ടപ്പനയിൽ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സകേന്ദ്രം ഉടൻ തുറന്നേക്കും. സമീപ പഞ്ചായത്തുകളിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാലാണ് കട്ടപ്പന നഗരസഭ പരിധിയിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്. ഇതുസംബന്ധിച്ച് കളക്ടർ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴിയുമായി ചർച്ച നടത്തി. കട്ടപ്പന ഗവ. കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലാണ് ഇതിനായി പരിഗണിക്കുന്നത്.
ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരുന്നതിനാൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ചികിത്സകേന്ദ്രം ആരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇരട്ടയാർ പഞ്ചായത്തിലടക്കം കേന്ദ്രങ്ങൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്. എന്നാൽ മറ്റു സമീപ പഞ്ചായത്തുകളിലൊന്നും ഇതിനുള്ള സൗകര്യമില്ലാത്തതിനാലാണ് കട്ടപ്പനയിൽ മറ്റൊരു കേന്ദ്രം കൂടി തുറക്കാൻ നടപടി ആരംഭിച്ചിരിക്കുന്നത്. ഇവിടെ 200 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. സന്നദ്ധ സംഘടനകളുടെയും സ്ഥാപങ്ങളുടെയും സഹകരണത്തോടെ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും.