കട്ടപ്പന: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ നിർദേശം മറികടന്ന് പുറത്തിറങ്ങി നടക്കുന്നു. കഴിഞ്ഞദിവസം കട്ടപ്പനയിൽ എത്തിയ ചരക്ക് ലോറിയിലെ ഡ്രൈവർ പുറത്തിറങ്ങി നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. മുഖാവരണം ശരിയായി ധരിക്കാതെയായിരുന്നു ഇയാളുടെ കറക്കം. ഇതര സംസ്ഥാനങ്ങളിൽ പോയിവരുന്ന ഡ്രൈവർമാരും സഹായികളും വാഹനത്തിനുള്ളിൽ നിന്നു പുറത്തിറങ്ങരുതെന്നും ചുമട്ടു തൊഴിലാളികളുമായി സമ്പർക്കം പാടില്ലെന്നും കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പലരും ഇതു പാലിക്കാറില്ല. മുഖാവരണം പോലും ശരിയായി ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനത്തിനു കാരണമായേക്കാം.