ഇതുവരെ 34 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
തൊടുപുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഭീതിജനകമാംവിധം വർദ്ധിക്കുന്നതിനൊപ്പം ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും കൂടി രോഗം പിടിപെടുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇടുക്കിയിൽ ഇതുവരെ 34 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ച് പേർ ഡോക്ടർമാരാണ്. നഴ്‌സുമാർ, ആശവർക്കർമാർ, ആംബുലൻസ് ഡ്രൈവർമാർ, ഫാർമസിസ്റ്റ്, പാലിയേറ്റീവ് ജീവനക്കാർ, ലാബ് ടെക്‌നീഷൻമാർ, പി.ആർ.ഒ, ക്ലറിക്കൽ സ്റ്റാഫുമാർ വരെ കൊവിഡ് ബാധിച്ചവരുടെ പട്ടികയിൽ വരും. ചിലകേസുകളിൽ ഉറവിടംപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ആറ് ആശുപത്രികൾ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താത്കാലികമായി അടച്ചെങ്കിലും ഇവയുടെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങളെ ഇതിനോടകം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊവിഡ് സംശയമുള്ള ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധനയ്‌ക്കെടുത്താലും ഫലം കിട്ടുന്നതുവരെ ജീവനക്കാർ ആശുപത്രിയിൽ ജോലി ചെയ്യണം. ഫലംപോസിറ്റീവാണെന്ന് തെളിയുമ്പോഴേക്കും ഒട്ടേറെപ്പേരിലേക്ക് രോഗം പിടിപെട്ടിട്ടുണ്ടാകും.
ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് രോഗം പിടിപെടുന്നത് ആശങ്കയുയർത്തുന്നു. തൊടുപുഴ മേഖലയിലെ രണ്ട് പൊലീസുകാർക്കാണ് രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. മുള്ളരിങ്ങാട് പള്ളി കൈമാറ്റത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് രണ്ട് പേരും. ഇവർ നിരവധിപ്പേരുമായി സമ്പർക്കത്തിലേർപ്പെട്ടതായാണ് വിവരം. സമ്പർക്കപട്ടികയിലേറെയും പൊലീസുകാർ തന്നെയാണ്. എന്നാൽ ആവശ്യസർവീസ് ആയതിനാൽ പൊലീസുകാരിലും ആരോഗ്യപ്രവർത്തകരിലും ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്നവരെയല്ലാതെ നിരീക്ഷണത്തിൽ വിടുന്നില്ല. ഇത് കൂടുതൽപേരിലേക്ക് രോഗം പടരാൻ ഇടയാക്കുമോയെന്ന ആശങ്കയുണ്ട്.
' കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങളെയടക്കം ബാധിക്കുന്ന സാഹചര്യമുണ്ടാകും. ജാഗ്രതയുടെ കാര്യത്തിൽ ആരോഗ്യ പ്രവർത്തകർ ഒരു വിട്ടുവീഴ്ചയും നടത്തരുത്. നിലവാരമുള്ള മാസ്‌കുകൾ, ഫേസ് ഷീഡ് എന്നിവ ഉപയോഗിക്കണം. ആഫീസ് ജോലികളിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കണം . "
-ഡി.എം.ഒ ഡോ. എൻ. പ്രിയ
പൊലീസുകാർക്കിടയിൽ പരിശോധനക്കുറവ്
ജില്ലയിൽ പൊലീസുകാർക്കിടയിൽ പരിശോധന കുറവാണെന്ന് ആരോപണം സേനയ്ക്കുള്ളിൽ ശക്തമാണ്. ആരോഗ്യവകുപ്പ് തിരഞ്ഞെടുക്കുന്ന വിഭാഗങ്ങൾക്കിടിയിൽ നടത്തുന്ന സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ദിവസവും എട്ടോ പത്തോ പൊലീസുകാരെ മാത്രമാണ് ഓരോ മേഖലയിൽ നിന്നും പരിശോധിക്കുന്നത്. രോഗവ്യാപനം കൂടുതലായ ഹൈറേഞ്ചിലെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഇതുവരെ ആകെ 20 പേർക്ക് മാത്രമാണ് കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ സേനയ്ക്കുള്ളിൽ അമർഷമുണ്ട്. പൊതുജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന വിഭാഗമെന്ന നിലയിൽ കൊവിഡ് പരിശോധന കൂട്ടണമെന്ന ആവശ്യമാണ് അവർക്കുള്ളത് .