തൊടുപുഴ : ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും കൃഷി സ്ഥലങ്ങളും ഇഎസ്എ പരിധിയിൽ നിന്നും മാറ്റി നിർത്തി ജനജീവിതം സുരക്ഷിതമാക്കുക എന്നതല്ലാതെ ഒരു പിടിവാശിയും തനിക്കില്ലെന്ന് ഡീൻ കുര്യക്കോസ് എം.പി. കസ്തൂരിരംഗൻ റിപ്പോർട്ട് ശുപാർശ ചെയ്ത ഇഎസ്എ പരിധി 13,108.7 ച.കി.മീ ആയിരുന്നു. ഉമ്മൻ .വി.ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും നടത്തിയ ഫിസിക്കൽ വേരിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് ജനവാസ കേന്ദ്രങ്ങളും, തോട്ടങ്ങളും, കൃഷിസ്ഥലങ്ങളും ഒഴിവാക്കപ്പെട്ടതും അതുവഴി 9993.70 ച.കി.മീ കേരളത്തിന്റ ഇഎസ്എ എന്ന് നിജപ്പെടുത്തിയത്. കക്ഷിഭേദമന്യേ പഞ്ചായത്തു പ്രസിഡന്റുമാർ നൽകിയ ശുപാർശകളാണ് ഉമ്മൻ.വി.ഉമ്മൻ കമ്മീഷൻ അംഗീകരിച്ചത്. ഈ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ച് 2014 മാർച്ച് 10ന് ആദ്യത്തെ കരടു വിജ്ഞാപനം ഇറക്കി. തുടർന്ന് പിന്നീട് അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ 2016 ലും, 2018 ലും കരടുവിജ്ഞാപനം ഇതേപടി തുടർന്ന് നീട്ടി നൽകി. കൂടാതെ 2018 ഡിസംബർ 13ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവിലും കേരളത്തിന്റെ ഇഎസ്എ ഉമ്മൻ.വി.ഉമ്മൻ കമ്മീഷന്റെ ശുപാർശ അതേപടി അംഗീകരിക്കുകയായിരുന്നു. ഇതിനു ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ചു ചേർത്ത ചർച്ചയിൽ ആണ് സംസ്ഥാന പരിസ്ഥിതി സെക്രട്ടറി ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ പറയുന്ന ഇ.എസ്.എ പരിധി 8656.46ച.കി.മീ എന്ന് നിലപാട് അറിയിച്ചത്. ഇത് ആൾ താമസമില്ലാത്ത ചതുപ്പും, ജലാശയവും, പാറക്കെട്ടും ഇ.എസ്.എ പരിധിയിൽ നിന്നും ഒഴിവാക്കുമ്പോൾ ആണ്. പരിസ്ഥിതി സംഘടനകൾ അനാവശ്യമായി നിയമ പ്രശ്നങ്ങൾ ഉയർത്താതിരിക്കാനാണ് അന്ന് യുഡിഎഫ് സർക്കാർ മനുഷ്യവാസമില്ലാത്ത പ്രദേശങ്ങൾ ഇ.എസ്.എ യിൽ ഉൾപ്പെടുത്തിയത്. എൽ.ഡി.എഫ് ഗവൺമെന്റ് പുതുക്കി നൽകിയ ശുപാർശകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണ് എന്ന് ഇടതു മുന്നണി അവകാശപ്പെടുന്നത് വസ്തുതാപരമായി തെറ്റാണ്. അങ്ങനെയെങ്കിൽ 2020 മാർച്ച് 30ന് കേന്ദ്രം നീട്ടിയ കരടു വിജ്ഞാപനവും യുഡിഎഫ് സർക്കാർ നേരത്തേ നൽകിയ ശുപാർശ അംഗീകരിക്കുകയും, ഈ സർക്കാർ നൽകിയത് തള്ളുകയും ആണ് ഉണ്ടായത്.

ഈ പശ്ചാത്തലത്തിൽ കേന്ദ്രം മാധവഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നത് അനാവശ്യമാണ്. കോടതിയിൽ ഈ വിഷയം വരുമ്പോൾ കേരളത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കുക എന്നതിനപ്പുറത്ത് തനിക്ക് യാതൊരു നിലപാടുമില്ല. മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരിക്കണമെങ്കിൽ കേന്ദ്രത്തിന്റെ നിലപാട് നിർണ്ണായകമാണ്. ആ നിലയിൽ കേന്ദ്രവുമായി സംസ്ഥാന സർക്കാർ ആരോഗ്യകരമായ ഒരു ചർച്ചയും നടത്തിയിട്ടില്ല. നാല് കരടു വിജ്ഞാപനത്തിലും, ഒരു പ്രത്യേക ഉത്തരവിലും അംഗീകരിച്ച ഉമ്മൻ .വി.ഉമ്മൻ കമ്മീഷൻ ശുപാർശ അന്തിമ വിജ്ഞാപനത്തിലും അംഗീകരിക്കുവാൻ സ്വഭാവികമായും കേന്ദ്രത്തിനു ബുദ്ധിമുണ്ടാകില്ല എന്നതിനാലാണ് താൻ ഉമ്മൻ.വി.ഉമ്മൻ കമ്മീഷനെ പിന്തുണച്ചത്. അതല്ല, എൽ.ഡി.എഫ് ഗവൺമെന്റിന്റെ ശുപാർശ കേന്ദ്ര ഗവൺമെന്റ് അംഗീകരിക്കുമെങ്കിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചക്ക് തയ്യാറകണം. കേരളത്തിന്റെ നിലപാട് ഏകകണ്ഠമായി കോടതിയെ ധരിപ്പിക്കാൻ കഴിയണമെന്നും, അനാവശ്യമായ രാഷ്ട്രീയ വിവാദത്തിന് താനില്ലെന്നും എം.പി വ്യക്തമാക്കി