തൊടുപുഴ: ജില്ലയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിംകുമാർ ആവശ്യപ്പെട്ടു. റാപ്പിഡ് ആന്റിജൻ പരിശോധനയാണെങ്കിൽ 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. പണച്ചെലവും കുറവാണ്. നഗരത്തിൽ വാർഡ്തലത്തിൽ പരിശോധന
നടത്തുമ്പോൾ ഓരോ വീടുകളും ലിസ്റ്റ് ചെയ്ത് കൃത്യമായ സമയക്രമം പാലിച്ച് ടെസ്റ്റ് നടപ്പാക്കാനാകും. കഴിഞ്ഞദിവസം ഏറ്റുമാനൂർ മാർക്കറ്റിലെ തൊഴിലാളികൾക്ക് ഉൾപ്പെടെ 30തോളം പേർക്ക് ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തൊടുപുഴ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും എല്ലാം സമ്പർക്ക രോഗ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനൊപ്പം മാർക്കറ്റിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെ ആന്റിജൻ ടെസ്റ്റ് നടത്തണം. തമിഴ്നാട്,കർണ്ണാടക,മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും നൂറ് കണക്കിന് വാഹനങ്ങളാണ് തൊടുപുഴ മാർക്കറ്റിലേക്ക് വന്ന് പോകുന്നത്. ചരക്ക് ഇറക്കിയ ശേഷവും വാഹനങ്ങൾ ഉൾപ്പെടെ കൂടുതൽ സമയം നഗരത്തിൽ ചിലവിടുന്നുണ്ട്. മാർക്കറ്റ് ദിവസങ്ങളിൽ രാത്രികാലങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് സമീപ ജില്ലകളിൽ നിന്ന് ഉൾപ്പെടെ എത്താറുള്ളത്. ജില്ലയിലും പരിസരങ്ങളിലും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപന സാധ്യത മുൻനിർത്തി തൊടുപുഴ മുൻസിപ്പൽ ഏരിയയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ജില്ലാഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.