തൊടുപുഴ: കൊവിഡ് ഭീതി ആകാശത്തോളം വർദ്ധിപ്പിച്ച് ജില്ലയിൽ ഇന്നലെ ഒറ്റ ദിവസം മാത്രം 70 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. ഇതിലൊരാൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ്. ഞായറാഴ്ചയും ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് രോഗം പകർന്നിരുന്നു. 25 പേർക്കാണ് രോഗമുക്തിയുണ്ടായത് നേരിയ ആശ്വാസമായി.



കൊവിഡിന്റെ ആസ്ഥാനം

കൊവിഡ് രോഗികളുമായി ആസ്ഥാനമായി ജില്ലാ ആസ്ഥാനം മാറുകയാണ്. ഇന്നലെ മാത്രം 20 പേർക്കാണ് വാഴത്തോപ്പ് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 എണ്ണവും ജില്ലാ ആസ്ഥാനമായ ചെറുതോണി ടൗൺ ഉൾപ്പെടുന്ന 10-ാം വാർഡിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേരും പത്തു വയസിൽ താഴെയുള്ള കുട്ടികളാണ്. കരിമ്പനിലെ നാൽപ്പത്തേഴുകാരനും സമ്പർക്കത്തിലൂടെ രോഗം പകർന്നു. സമീപ പഞ്ചായത്തുകളായ കഞ്ഞിക്കുഴിയിലും മരിയാപുരത്തും ഓരോ സമ്പർക്കരോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഴയരിക്കണ്ടം, മരിയാപുരം സ്വദേശികൾക്കാണ് രോഗം.


വണ്ണപ്പുറത്ത് 10
എറണാകുളം സ്വദേശിയായ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനടക്കം (49) 10 പേർക്കാണ് പഞ്ചായത്തിൽ രോഗം പകർന്നിരിക്കുന്നത്. എല്ലാം മുള്ളരിങ്ങാട് നിന്നുള്ള രോഗബാധയാണ്. ഇതോടെ പഞ്ചായത്തിലെ സമ്പർക്ക രോഗബാധിതരുടെ എണ്ണം 63 ആയി.


രാജിയില്ല രാജാക്കാട്
ഒരു ദിവസത്തിന് ശേഷം രാജാക്കാട് വീണ്ടും സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തു. അഞ്ച് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. സമീപ പഞ്ചായത്തായ രാജകുമാരി പഞ്ചായത്തിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. പൂപ്പാറ, രാജാക്കാട്, സേനാപതി എന്നിവിടങ്ങളിൽ ഒരോ സമ്പർക്ക രോഗബാധകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറ്റ് സമ്പർക്ക രോഗബാധിതർ

അയ്യപ്പൻകോവിൽ സ്വദേശി (37), രണ്ട് പുളിയൻമല സ്വദേശികൾ (47, 20), രണ്ട് മൂന്നാർ സ്വദേശികൾ (52, 18), പീരുമേട് സ്വദേശി (28), വണ്ടിപ്പേരിയാർ സ്വദേശിനി (30).

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
 രാമക്കൽമേട് സ്വദേശികളായ മൂന്നംഗ കുടുംബം (44, 44, 18)
 കുമളി സ്വദേശി (25), പാമ്പാടുംപാറ സ്വദേശി (26), രാജകുമാരി സ്വദേശികൾ(41, 29), സേനാപതി സ്വദേശികൾ (58, 41), ഉടുമ്പൻചോല സ്വദേശികൾ (32, 29), പടമുഖം സ്വദേശി (28)

വിദേശത്ത് നിന്ന്
 വണ്ടിപ്പെരിയാറിലെ ഒരു കുടുംബത്തിലെ കുട്ടികളടക്കം മൂന്ന് പേർ
 ഏലപ്പാറ സ്വദേശിനി (33), പടമുഖം സ്വദേശി (27)

മറ്റ് ജില്ല
 മുണ്ടക്കയം സ്വദേശിനി (58)