നെടുങ്കണ്ടം: പരീക്ഷാ ഹാളിനുള്ളിൽ മുർഖൻ പാമ്പിനെ കണ്ടതിനെത്തുടർന്ന് വിദ്യാർഥികൾക്ക് പരിഭ്രാന്തരായി. നെടുങ്കണ്ടം ബി.എഡ്. കോളജിലെ അവസാന വർഷ പരീക്ഷ നടക്കുന്നതിനിടെയിലാണ് ഹാളിന്റെ മേൽക്കൂരയിലെ ഷീറ്റിനിടയിൽ പാമ്പിനെ കണ്ടത്. പരീക്ഷയുടെ അവസാന ദിനമായിരുന്ന ഇന്നലെ മെയിൻ ഓപ്ഷൻ പരീക്ഷയാണ് നടന്നത്. അപ്പോഴാണ് പാമ്പിനെ വിദ്യാർഥികൾ കണ്ടത്. തുടർന്ന് കുട്ടികളെ സുരക്ഷിതമായി മറ്റൊരു ഹാളിലേക്ക് മാറ്റി പരീക്ഷ തുടർന്നു. കോളജ് അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്‌സ് ഉദളോഗസ്ഥർ കോളജിലെത്തി പരിശോധന നടത്തി പാമ്പിനെ കണ്ടെത്തി. പാമ്പിനെ പിടിക്കുന്നതിനായി വനം വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. ചിന്നാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. ഷിബുകുമാർ എന്നിവരുടെയും നെടുങ്കണ്ടം അഗ്‌നിശമന സേനയിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ കെ.ഒ. നോബിൾ, എ. ഗിരീഷ്‌കുമാർ, എസ്.എൻ. ശരൺകുമാർ, കെ.എസ്. അരുൺ, വി.എസ്. സനോജ് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. വളരെ ഉയരത്തിൽ ഇരുന്ന പാമ്പിനെ കമ്പുകൾ കൊണ്ട് തോണ്ടി പുറത്ത് ഇറക്കാൻ ശ്രമം നടത്തിയെങ്കിലും ഭിത്തിയുടെ വശങ്ങളിലൂടെ കയറി പാമ്പ് രക്ഷപെടുകയായിരുന്നു. കോളജിന്റെ ഷീറ്റീലൂടെ ഒഴികി വരുന്ന വെള്ളം ഒഴുക്കി വിടുവാൻ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ കയറിയ പാമ്പിനെ പിന്നീട് കണ്ടെത്താനായില്ല. കോളജിനോട് ചേർന്നുളള കാട്ടിലേയ്ക്ക് പാമ്പ് രക്ഷപെട്ടെന്ന് കരുതുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. പീന്നിട് എപ്പോഴെങ്ങിലും പാമ്പിനെ വിണ്ടും കണ്ടെത്തിയാൽ അറിയിക്കണമെന്ന് കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയാണ് വനം വകുപ്പ് അധികൃതർ മടങ്ങിയത്.