കഞ്ഞിക്കുഴി: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കഞ്ഞിക്കുഴി പഞ്ചായത്തിൽ 26 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 പേരുടെ ഉറവിടം വ്യക്തമല്ല.
കഞ്ഞിക്കുഴി പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും ഉറവിടമറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കഴിഞ്ഞ രണ്ട് ആഴ്ചയായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനൊപ്പം നിലവിൽ നീരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങാൻ പാടില്ലെന്നും ഇവർ ക്വാറന്റയിൻ ലംഘിക്കുന്നുണ്ടോയെന്നറിയാൻ പോലീസ് പരിശോധനയും നടക്കുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുന്നതിന് സന്നദ്ധ സേനയും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ വാർഡുകൾ തിരിച്ച് ജാഗ്രത സമിതി രൂപികരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലെ തിരക്കൊഴിവാക്കുന്നതിന് നിർദേശം നൽകിയതിന് പുറമെ സന്ദർശകരുടെ പേരും ഫോൺനമ്പറും രേഖപ്പെടുത്താൻ ബ്രേക്ക് ദ ചെയിൻ ഡയറിയും വ്യാപാരസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടവർക്കും രോഗലക്ഷണം ഉള്ളവർക്കും ടെസ്റ്റിംഗിനുള്ള സൗകര്യവും കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിൽ 196 പേർ ഇടുക്കി ജില്ലാ ആശുപത്രിയിൽ പി.സി.ആർ ടെസ്റ്റിനും 194 പേർ കഞ്ഞിക്കുഴി കുടുംബാരോഗ്യകേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റിനും വിധേയരായി. അഗ്‌നിരക്ഷാ സേന, ആരോഗ്യവകുപ്പ്, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാ നിർദേശങ്ങളുടെ അനൗൺസ്‌മെന്റും ലഘുലേഖകളും പഞ്ചായത്തിൽ വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ പഞ്ചായത്തിൽ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ പറഞ്ഞു.