rajendran

മൂന്നാർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാറിൽ ജാഗ്രത ശക്തമാക്കി. രോഗ വ്യാപനം കുറയ്ക്കുന്നതിനായി മൂന്നാറിൽ ആന്റിജൻ പരിശോധനയും ആരംഭിച്ചു. ആന്റിജൻ പരിശോധനയുടെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. മൂന്നാറിൽ കൂടുതൽ ജനങ്ങൾ വന്നുപോകുന്നതിനാലാണ് അടിയന്തരമായി ആന്റിജൻ പരിശോധന ആരംഭിച്ചത്.എംഎൽഎയും ആന്റിജൻ പരിശോധനക്ക് വിധേയനായി. മൂന്നാറിൽ കോവിഡ് രോഗികളുടെ എണ്ണമേറി വരുന്ന സ്ഥിതി കണക്കിലെടുത്ത് ഏതെങ്കിലും സാഹചര്യത്തിൽ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടുണ്ടോയെന്നറിയാനും ആന്റിജൻ പരിശോധനയിലൂടെ സാധിക്കും. മൂന്നാർ ടൗണിലേക്ക് അലക്ഷ്യമായി എത്തുന്നവരേയും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരേയും ആദ്യഘട്ടത്തിൽ ആന്റിജൻ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ആന്റിജൻ പരിശോധന ആരംഭിച്ചതിനൊപ്പം മൂന്നാറിലെ വ്യാപാരികൾക്ക് ഉദ്യോഗസ്ഥർ ബോധവത്ക്കരണവും നൽകി.ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ,മുൻ എംഎൽഎ എ കെ മണി,മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ കറുപ്പ് സ്വാമി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം അജിത്ത് കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.