തൊടുപുഴ: പൊലീസ് വാഹനമെല്ലാം ഹെൽമറ്റ് പരിശോധനയിൽ,​ ആട് മോഷണം പോയെന്ന വിധവയുടെ പരാതി അന്വേഷിക്കാൻ വണ്ടിയില്ല. ഹെൽമറ്റ് വേട്ടയെല്ലാം കഴിഞ്ഞ് പൊലീസ് ചെല്ലുമ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല. ഇന്നലെ ഉച്ചയോടെ ഇടവെട്ടി കോട്ടവാതുക്കൽ തങ്കമ്മ രാമകൃഷ്ണന്റെ ആടാണ് മോഷണം പോയത്. കനാൽ ഭാഗത്ത് ആടിനെ കെട്ടിയ ശേഷം ഉച്ച ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ. ഈ സമയം കാറിൽ വന്ന ഒരു സ്ത്രീ ആടിനെ പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇതുകണ്ട അയൽവാസികൾ തങ്കമ്മയെ വിവരമറിയിക്കുകയായിരുന്നു. അപ്പോൾ തന്നെ വിവരം പൊലീസിൽ അറിയിച്ചെങ്കിലും അന്വേഷണത്തിനെത്താൻ വാഹനമില്ലെന്നായിരുന്നു തൊടുപുഴ പൊലീസിന്റെ മറുപടി. ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ വിളിച്ച് പറഞ്ഞിട്ട് വൈകിട്ട് അഞ്ച് മണിയായിട്ടും പൊലീസ് അന്വേഷണത്തിന് എത്തിയില്ലെന്നാണ് ആക്ഷേപം. എന്നാൽ ഉച്ചസമയത്ത് സ്വകാര്യ ബസ് സ്റ്റാൻഡിന് മുകളിലും ന്യൂമാൻ കോളേജിലും രണ്ട് വണ്ടികളിലായി പൊലീസ് ഹെൽമറ്റ് പരിശോധിക്കുന്നുണ്ടായിരുന്നു. കൊവിഡിനിടയിലും മാസാവസാനമായതിനാൽ ടാർഗറ്റ് തികയ്ക്കാനുള്ള തത്രപാടിനിടയിലാണ് ജില്ലയിലെ പൊലീസ്.