തൊടുപുഴ: ഇടുക്കിയിലെ പി.സി.ആർ ടെസ്റ്റ് ലാബിൽ അടുത്തയാഴ്ച മുതൽ കൊവിഡ്- 19 പരിശോധന നടത്താനാകും. വർക്ക് സ്റ്റേഷൻ കൂടി ഘടിപ്പിച്ചാൽ മെഡിക്കൽ കോളേജിലെ പി.സി.ആർ ടെസ്റ്റ് ലാബ് പൂർണ സജ്ജമാകും. ഈ ഉപകരണം മറ്റന്നാൾ ബാംഗ്ലൂരിൽ നിന്നെത്തും. ഇത് ഘടിപ്പിച്ച ശേഷം സാമ്പിൾ ടെസ്റ്റ് നടത്തും. ഇതിന് ശേഷം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ)​ അനുമതി കൂടി ലഭിച്ചാൽ ലാബ് പ്രവർത്തനം ആരംഭിക്കാനാകും. ലാബിൽ 82,81350 രൂപയുടെ ഉപകരണങ്ങളാണ് സംസ്ഥാന സർക്കാർ കെ.എം.എസ്.സി.എൽ വഴി ഒരുക്കിയിട്ടുള്ളത്. ഇതിൽ പി.സി.ആർ മെഷീൻ, ബയോസേഫ്‌റ്റി ക്യാബിനറ്റുകൾ തുടങ്ങി അത്യാധുനിക ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് പി.സി.ആർ ടെസ്റ്റ് ലാബ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തനമാരംഭിക്കാനായില്ല. ജില്ലയ്ക്ക് സ്വന്തമായി ലാബില്ലാത്തതിനാൽ കോട്ടയത്തെ തലപ്പാടി ലാബിലായിരുന്നു ഇടുക്കിയിൽ നിന്നുള്ള സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നത്. എന്നാൽ ഈ ലാബ് എല്ലാ തിങ്കളാഴ്ചയും ക്ലീനിംഗിനായി അടയ്ക്കും. ഇതുമൂലം തിങ്കളാഴ്ച ദിവസമെത്തുന്ന സ്രവം പരിശോധിക്കാൻ ഒരു ദിവസം വൈകുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അതുകൊണ്ട് ജില്ലയിൽ ചൊവ്വാഴ്ച ദിവസം കൊവിഡ് രോഗികളുടെ എണ്ണം കുറവായിരിക്കും.

'ഒരു ദിവസം കോട്ടയത്തെ ലാബ് അവധിയാണെന്നത് കൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച അതുവരെ ലഭിച്ച എല്ലാ സ്രവവും പരിശോധിച്ച ശേഷമാണ് ലാബ് ക്ലീനിംഗിനായി അടയ്ക്കുന്നത്. അതുകൊണ്ടാണ് തിങ്കളാഴ്ച ഇടുക്കിയിൽ പതിവിലും കൂടുതൽ കേസുകളുണ്ടായത്. "

-എച്ച്. ദിനേശൻ

ജില്ലാ കളക്ടർ