കട്ടപ്പന: കൊവിഡ് ഭീതിക്കിടെ ജില്ലയിൽ വാഹന പരിശോധന നിർബന്ധമാക്കിയതിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രികരെയും ലൈസൻസും രേഖകളുമില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവരെയും പിടികൂടി പെറ്റിക്കേസ് ചാർജ് ചെയ്യാൻ എല്ലാ സ്റ്റേഷനുകളിലും കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് പൊലീസുകാർ പരിശോധന നടത്തുന്നത്. ആവശ്യത്തിലധികം മുഖാവരണങ്ങൾ പോലും പല സ്റ്റേഷനുകളിലും ലഭ്യമല്ല. സന്നദ്ധ സംഘടനകളാണ് പലപ്പോഴും ഇവ എത്തിച്ചുനൽകുന്നത്. വാഹന പരിശോധന നടത്തുന്ന സമയങ്ങളിൽ ധരിക്കേണ്ട കൈയുറകൾ പൊലീസുകാർ പണം മുടക്കി വാങ്ങേണ്ട സ്ഥിതിയാണ്.
വാഹനങ്ങൾ നിർത്തി രേഖകൾ പരിശോധിക്കുമ്പോൾ യാത്രികരുമായി കൂടുതൽ സമയം അടുത്തിടപഴകേണ്ടി വരുന്നത് പൊലീസുകാർക്കും ബുദ്ധിമുട്ടാണ്. നേരത്തെ ബ്രീത്ത് അനലൈസർ ഒഴിവാക്കി മദ്യലഹരിയിലുള്ള വാഹന ഡ്രൈവർമാരെ പിടികൂടാൻ കൈയിലേക്ക് ഊതിപ്പിക്കുന്ന പ്രാകൃതരീതി ആരംഭിച്ചിരുന്നെങ്കിലും സേനയ്ക്കുള്ളിലെ പ്രതിഷേധത്തെ തുടർന്ന് അവസാനിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധനയിൽ നിയന്ത്രണം വേണമെന്നും പൊലീസുകാർക്കിടയിൽ ആവശ്യമുയരുന്നുണ്ട്. ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ചികിത്സയിലുമാണ്.