മുട്ടം: ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുട്ടത്ത് കാക്കൊമ്പിലുള്ള കെട്ടിടത്തിൽ ക്ലീൻ കേരള കമ്പനിയുടെ ഗോഡൗൺ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചതായി ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ച് മറ്റ് ഉത്പന്നങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിന് അസംസ്കൃത വസ്തുക്കളാക്കി മാറ്റിയതിന് ശേഷം കേട് കൂടാതെയും മഴ നനയാതെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത്‌ കെട്ടിടം ക്ലീൻ കേരള കമ്പനിക്ക് കരാർ വ്യവസ്ഥയിൽ വാടകക്ക് നൽകിയത്. എന്നാൽ ഗോഡൗൺ പ്രവർത്തന സജ്ജമാകുന്നതിന് മുൻപ് ഇവിടെക്ക് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ എത്തിച്ചതായും ക്ലീൻ കേരള കമ്പനി കരാർ വ്യവസ്ഥ ലംഘിച്ചതായും ബോദ്ധംവന്നതിനാലാണ് ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും തമ്മിലുള്ള കരാർ പിൻവലിച്ചതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. ഗോഡൗൺ പ്രവർത്തനത്തിന് എതിരായി മുട്ടം യൂത്ത് കോൺഗ്രസും പ്രദേശ വാസികളും പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.