കട്ടപ്പന: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എഴുകുംവയലിൽ വാർഡ് ജാഗ്രത സമിതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം വൈകിട്ട് ഏഴുവരെയായിരിക്കും. കൂടാതെ കടകളിലും ഓട്ടോറിക്ഷകളിലും സാനിറ്റൈസർ നിർബന്ധമാക്കി. കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെയും ഓട്ടോറിക്ഷകളിലെ യാത്രക്കാരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കണം. എഴുകുംവയലിൽ പുറത്തുനിന്നുള്ളവരുടെ വഴിയോര കച്ചവടം അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരുടെ ലോട്ടറി വിൽപനയും മത്സ്യ വ്യാപാരവും നിരോധിച്ചു. ഹോട്ടലുകളിലും ചായക്കടകളിലും പേപ്പർ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണം.
കുടുബശ്രീ യൂണിറ്റുകളുടെ യോഗങ്ങൾ മാസത്തിലൊരിക്കൽ മാത്രമായിരിക്കും. പുരുഷൻമാരുടെ സംഘങ്ങൾ യോഗം ചേരേണ്ടതില്ല. ആശുപത്രി ആവശ്യങ്ങൾക്ക് പ്രത്യേകം വാഹനം ക്രമീകരിക്കണം. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും ശവസംസ്‌കാര ചടങ്ങുകൾക്കും താത്പര്യമുള്ള സന്നദ്ധ പ്രവർത്തകരെ കണ്ടത്തും. ഇവർക്ക് പരിശീലനവും പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങളും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ലഭ്യമാക്കും. വാർഡിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിലിന്റെ നേതൃത്വത്തിൽ 50 അംഗ സമിതി നേതൃത്വം നൽകും.