അടിമാലി, പീരുമേട് ഫയർഫോഴ്സ് ആഫീസുകൾ പൂട്ടിയിട്ട് ഒരാഴ്ച
തൊടുപുഴ: കൊവിഡ്-19 ജില്ലയിലെ ഫയർഫോഴ്സിന്റെ പ്രവർത്തനം ആകെ താളംതെറ്റിച്ചു. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും അണുനശീകരണ പ്രവർത്തനങ്ങളുടെ വർദ്ധന മൂലവുമാണ് ഫയർഫോഴ്സ് അധികൃതർ വലയുന്നത്. ഒരാഴ്ചയായി അടിമാലി, പീരുമേട് അഗ്നി രക്ഷാ നിലയങ്ങൾ പ്രവർത്തിക്കുന്നില്ല. സഹപ്രവർത്തകരടക്കമുള്ളവരെല്ലാം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് നിലയങ്ങൾ അടച്ചിടേണ്ടി വന്നത്. ഇപ്പോൾ സമീപ സ്റ്റേഷനുകളിൽ നിന്നാണ് അടിമാലി, പീരുമേട് എന്നിവിടങ്ങളിലേക്ക് അടിയന്തര സാഹചര്യത്തിൽ ജീവനക്കാരെത്തുന്നത്. ജില്ലയിലാകെ 240 ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ പകുതി പേർ പോലും ഇപ്പോൾ ഡ്യൂട്ടിയിലില്ല.
ആഫീസുകളിലും സ്ഥാപനങ്ങളിലും അതിന്റെ ഉത്തരവാദപ്പെട്ടവർ തന്നെ അണു നശീകരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പല ഓഫീസുകളും അണു നശീകരണത്തിനായി ഇപ്പോഴും ഫയർഫോഴ്സിനെ സമീപിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തുകളും നഗരസഭകളും അണു നശീകരണത്തിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. കൊവിഡ് രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും തുടരുകയും ചെയ്യുന്നസാഹചര്യത്തിൽ വാർഡുതലത്തിലും ഓഫീസു തലത്തിലും അണു നശീകരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഫയർഫോഴ്സ് അധികൃതർക്ക് പറയാനുള്ളത്. ഓരോ വകുപ്പുകളും അവരവരുടെ സ്ഥാപനങ്ങളെങ്കിലും അണുവിമുക്തമാക്കണമെന്നാണ് ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലത്ത് ഒട്ടേറെ സ്ഥലങ്ങളിൽ ഓടിയെത്തുകയും നിരവധി പേർക്ക് അവശ്യമരുന്നുകളടക്കം എത്തിച്ച് നൽകുകയും ചെയ്ത് ഫയർഫോഴ്സ് ജീവനക്കാർ മാതൃകയായിരുന്നു.