തൊടുപുഴ: വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാതയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. റോഡിന്റെ ഇരുവശത്തും കൈയേറി നടത്തി വരുന്ന വഴിയോര കച്ചവടമാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കൗൺസിലർ ബാബു പരമേശ്വരൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐകകണ്ഠേന പാസാക്കുകയായിരുന്നു. കൈയേറ്റമൊഴിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പി.ഡബ്ല്യു.ഡിയുടെയും സഹായം തേടും. കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് തൊടുപുഴ പച്ചക്കറി മാർക്കറ്റിൽ നടന്നു വരുന്ന ജനത്തിരക്ക് ഒഴിവാക്കാൻ അധികൃതരോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. ടി.കെ. സുധാകരൻ നായരാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. തഹസീൽദാർ, ഡിവൈ.എസ്.പി എന്നിവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന് നഗരസഭ ചെയർപേഴ്സൺ സിസിലി ജോസിനെ കൗൺസിൽ ചുമതലപ്പെടുത്തി.