വണ്ടിപ്പെരിയാർ:കൊവിഡ് ജാഗ്രത കണക്കിലെടുത്ത് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ക്രമീകരിച്ചു. വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സെന്ററിന്റെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളത്. 75 കിടക്കകൾ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഇടങ്ങൾ ചികിത്സക്കായി സെന്ററിലുണ്ട്. ചുരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരിക്കും സെന്ററിലെത്തുന്ന രോഗികളുടെ പരിചരണകാര്യങ്ങൾ നടക്കുക. ശുചിമുറിയുൾപ്പെടെയുള്ള കാര്യങ്ങൾ സെന്റിലെത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അറിയിച്ചു. പുറത്തു നിന്നും അനാവശ്യമായി ആരും ചികിത്സാ കേന്ദ്രത്തിന് സമീപത്തേക്ക് പ്രവേശിക്കാതിരിക്കാനുള്ള സുരക്ഷാമുൻകരുതലും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടുണ്ട്.