തൊടുപുഴ: മുട്ടം ടൗണിൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് മുട്ടത്തുചേർന്ന കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴയിൽ ഇന്ന് താലൂക്ക് തല ആശുപത്രി ഇല്ല. ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടത്ത് പ്രവർത്തിച്ചുവരുന്ന താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ പദവിയിലേയ്ക്ക് ഉയർത്തിയപ്പോൾ രാജാക്കാട് പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തി. ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണി സ്വീകരിച്ച നയം തന്നെ തൊടുപുഴയിലും നടപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ വട്ടക്കുന്നേൽ, റജി കുന്നംങ്കോട്ട്, ജിമ്മി മറ്റത്തിപ്പാറ, ബെന്നി പ്ലാക്കൂട്ടം, തോമസ് കിഴക്കേപ്പറമ്പിൽ, സണ്ണി അഴികണ്ണിക്കൽ, ജൂണിഷ് കള്ളികാട്ട്, ജോസ്‌കുട്ടി പൂവേലിൽ, ജോസുകുട്ടി വിലങ്ങുപാറ എന്നിവർ പ്രസംഗിച്ചു.