auto


ചെറുതോണി: ആട്ടോറിക്ഷ നിയന്ത്രണംവിട്ട് ലോറിയിലിടിച്ച് ആട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ച്‌പേർക്ക് പരിക്കേറ്റു. കട്ടപ്പനസ്വദേശികളായ കണ്ടത്തിൻകരയിൽ ജോ മാത്യു(28), പറ്റുവെട്ടിയിൽ ജോളി ജോയി (45),തൊടുപുഴ നെല്ലിനിൽക്കുംതടത്തിൽ മോളി സന്തോഷ് (40), പയസ് സന്തോഷ് (4), സാനിയ സന്തോഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിലെത്തിയവർ ഉടൻതന്നെ ഇടുക്കി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ജോ മാത്രുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 9.20ന് കുളമാവിന് സമീപം മീൻമുട്ടിയിലാണ് അപകടം . കട്ടപ്പനയിൽ നിന്നും തൊടുപുഴക്ക് ചികിത്സക്കായി പോയവരുടെ ആട്ടോറിക്ഷ തൊടുപുഴയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് ഭക്ഷ്യസാധനങ്ങളുമായിവന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടുക്കിയിൽ നിന്നും ഫയർഫോഴ്‌സും കുളമാവ് പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.