ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിൽ ആദ്യഘട്ടമായി 483 കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷനുകൾ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ നൽകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ജലവിഭവ വകുപ്പിന്റെ നിലവിലുള്ള കുടിവെള്ള ലൈനുകൾ ദീർഘിപ്പിച്ചു കൊണ്ടാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ 398, മരിയാപുരത്ത് 20, കഞ്ഞിക്കുഴിയിൽ 15, അറക്കുളത്ത് 50 എണ്ണം എന്നിങ്ങനെ ആദ്യഘട്ട കണക്ഷനുകൾക്കായി പദ്ധതിക്ക് 79.07 ലക്ഷം രൂപയ്ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഗാർഹിക കണക്ഷൻ ആവശ്യമായ കുടുംബങ്ങളുടെ ലിസ്റ്റ് വാട്ടർ അതോറിറ്റി മുഖേനെ തയ്യാറാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത അപേക്ഷ നൽകേണ്ടതില്ല. ടെൻഡർ മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ഗുണഭോക്താവിന് യാതൊരു ചെലവും വരാത്ത വിധമാണ് പദ്ധതി നിഷ്‌കർഷിച്ചിട്ടുള്ളത്. ഇടുക്കി നിയോജക മണ്ഡത്തിൽ ആകെ ഇരുപത്തി ഒൻപതിനായിരത്തി അഞ്ഞൂറോളം ഗാർഹിക കണക്ഷനുകൾ ആവശ്യമെന്ന് വിലയിരുത്തിട്ടുണ്ട്. 2024 ആകുമ്പോഴേക്കും ഈ കുടുംബങ്ങൾക്കെല്ലാം പദ്ധതിയുടെ ഭാഗമായി സൗജന്യ കണക്ഷൻ നൽകുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്കിയിട്ടുള്ളതായും ചുരുങ്ങിയ കാലയളവിനുള്ളിൽ മുഴുവൻ മേഖലയിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നും എംഎൽഎ പറഞ്ഞു.